പാലില്‍ മായം ഉണ്ടോയെന്ന് വീട്ടില്‍ വച്ച് തന്നെ പരിശോധിക്കാം; എങ്ങനെയെന്ന് അറിയൂ...
നാമിന്ന് വിപണിയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന ധാരാളം ഭക്ഷണസാധനങ്ങള്‍ മായം കലര്‍ന്നതാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ഒരിക്കലും ഇങ്ങനെ വാങ്ങിക്കുന്ന ഭക്ഷണസാധനങ്ങളുടെ ശുദ്ധിയോ ഗുണമേന്മയോ പരിശോധിക്കാൻ നാം ലബോറട്ടറികളെയോ അതത് സംവിധാനങ്ങളെയോ സമീപിക്കുന്നില്ലല്ലോ. വാങ്ങുന്നു, ഉപയോഗിക്കുന്നു - അത്ര തന്നെ.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആകുലതകള്‍ പലതും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ആരോഗ്യകാര്യങ്ങളില്‍ കരുതല്‍ വേണമെന്ന ചിന്ത കൂടുതല്‍ പേരിലുണ്ടാവുകയും ചെയ്യുന്നൊരു കാലം തന്നെയാണിത്. എങ്കില്‍പ്പോലും ഇപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം നമ്മെ വേട്ടയാടുന്നു എന്നതാണ് സത്യം.
പലപ്പോഴും പുറത്തുനിന്നുള്ള ഭക്ഷണങ്ങളെ ആശ്രയിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് തിരിച്ചടിയാകുന്നത്. ഭക്ഷണസാധനങ്ങളിലെ മായവും അതുപോലെ തന്നെ വെല്ലുവിളി സൃഷ്ടിക്കുന്ന പ്രശ്നമാണ്.
നാമിന്ന് വിപണിയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന ധാരാളം ഭക്ഷണസാധനങ്ങള്‍ മായം കലര്‍ന്നതാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ഒരിക്കലും ഇങ്ങനെ വാങ്ങിക്കുന്ന ഭക്ഷണസാധനങ്ങളുടെ ശുദ്ധിയോ ഗുണമേന്മയോ പരിശോധിക്കാൻ നാം ലബോറട്ടറികളെയോ അതത് സംവിധാനങ്ങളെയോ സമീപിക്കുന്നില്ലല്ലോ. വാങ്ങുന്നു, ഉപയോഗിക്കുന്നു - അത്ര തന്നെ.
എന്തായാലും എല്ലാത്തിലും മായം കലരുന്ന ഈ കാലത്ത് നമ്മുടെ വീടുകളിലെ നിത്യോപയോഗ വിഭവമായ പാലില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്നത് പരിശോധിക്കാനുള്ള ചില മാര്‍ഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പാലില്‍ മായം എന്നാല്‍ പല രീതിയിലുമുണ്ടാകാം. ഒന്നാമതായി പാലില്‍ അധികമായി വെള്ളം ചേര്‍ക്കുന്ന രീതിയാണ്. ഇത് മനസിലാക്കാൻ വളരെ ലളിതമായൊരു പരിശോധന നടത്തിയാല്‍ മതി. പാലില്‍ നിന്ന് ഒരു തുള്ളിയെടുത്ത് മിനുസമുള്ള, ചരിഞ്ഞ ഏതെങ്കിലും പ്രതലത്തില്‍ ഇറ്റിക്കുക. ഇവിടെ നിന്ന് പാല്‍ തുള്ളി പതിയെ ആണ് മുന്നോട്ട് നീങ്ങുന്നതെങ്കില്‍, മുന്നോട്ട് നീങ്ങുംതോറും പിറകില്‍ പാലിന്‍റെ വെളുത്ത നിറത്തിലുള്ളൊരു വര അവശേഷിപ്പിക്കുന്നുവെങ്കില്‍ പാലില്‍ അധികം വെള്ളമൊന്നുമില്ല എന്നുറപ്പിക്കാം.
അതേസമയം പാല്‍ തുള്ളി അതിവേഗം മുന്നോട്ട് നീങ്ങുകയും, പിറകില്‍ വെളുത്ത പാട് അവശേഷിപ്പിക്കാതിരിക്കുകയും ചെയ്തുവെങ്കില്‍ പാലില്‍ സാമാന്യം വെള്ളം കലര്‍ന്നിട്ടുണ്ട് എന്ന് തിരിച്ചറിയാം.
ഇനി പാലില്‍ ഡിറ്റര്‍ജന്‍റ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിയാനുള്ള പരിശോധനയാണ്. പാലും വെള്ളവും സമാസമം എടുത്ത് ഒരു കുപ്പിയിലാക്കിയ ശേഷം നല്ലതുപോലെ കുലുക്കുക. ഡിറ്റര്‍ജെന്‍റ് ചേര്‍ന്നതാണെങ്കില്‍ കാര്യമായ അളവില്‍ പത വരും. അല്ലാത്ത പക്ഷം എത്ര കുലുക്കിയാലും മുകളിലായി ചെറിയൊരു പതയേ കാണൂ.
പാലില്‍ നൂറ് (സ്റ്റാര്‍ച്ച്) ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് അറിയാൻ പാലിലേക്ക് ഏതാനും തുള്ളി അയോഡിൻ ടിങ്ചറോ അയോഡിൻ ദ്രാവകമോ ഇറ്റിച്ചാല്‍ മതി. അപ്പോഴേക്ക് പാലില്‍ നീല നിറത്തിലുള്ള വ്യത്യാസം വരികയാണങ്കില്‍ പാലില്‍ നൂറ് കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.
മറ്റ് ഏതെങ്കിലും വിധത്തിലുള്ള മായം പാലിലുണ്ടോയെന്ന് മനസിലാക്കാൻ പാല്‍ വിരലുകളിലാക്കി അല്‍പസമയത്തേക്ക് വിരലുകള്‍ പരസ്പരം ഒന്ന് ഉരച്ചുനോക്കുക. ഈ സമയത്ത് സോപ്പ് കയ്യിലാക്കിയത് പോലെ തോന്നുന്നപക്ഷം പാല്‍ ശുദ്ധമല്ലെന്ന് മനസിലാക്കാം. അതുപോലെ തിളപ്പിക്കുമ്പോള്‍ പെട്ടെന്ന് തന്നെ മഞ്ഞ നിറം കാണുകയാണെങ്കിലും ചെറിയൊരു കയ്പ് രുചി തോന്നിയാലും പാല്‍ മായം കലര്‍ന്നതാണെന്ന് മനസിലാക്കാം.
Also Read:- മഴയുള്ളപ്പോള്‍ ഇലക്കറികള്‍ കഴിക്കാൻ പാടില്ലേ? ചീരയും മുരിങ്ങയുമൊക്കെ ഒഴിവാക്കണോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-