ഹോളിക്ക് മധുരമേകാന്‍ 'ബാഹുബലി ഗുജിയ'; ഏറെ ആരാധകരുള്ള പരമ്പരാഗത പലഹാരം
ഹോളി സ്‌പെഷ്യല്‍ പലഹാരമായാണ് പൊതുവേ ഇത് അറിയപ്പെടുന്നത്. ഗോതമ്പോ മൈദയോ കൊണ്ടുണ്ടാക്കിയ മാവിനകത്ത് നെയ്യില്‍ മൂപ്പിച്ചെടുത്ത ഡ്രൈ ഫ്രൂട്ട്‌സും മധുരം ചേര്‍ത്ത കുറുകിയ പാലും (ഖോവ) നിറച്ച്, ഡീപ് ഫ്രൈ ചെയ്‌തെടുക്കുന്ന പലഹാരമാണ് ഗുജിയ. സാധാരണഗതിയില്‍ നാലിഞ്ച് നീളമെല്ലാം വരുന്ന തരത്തില്‍, അത്രയും വലിപ്പത്തിലാണ് ഇതുണ്ടാക്കുക
ഓരോ ആഘോഷവേളയിലും താരമായി മിന്നുന്ന ഏതെങ്കിലും പ്രത്യേക വിഭവങ്ങളുണ്ടായിരിക്കും, അല്ലേ? ഓണത്തിന് സദ്യ, പെരുന്നാളിന് ബിരിയാണി, ക്രിസ്മസ് കാലത്ത് കേക്ക് അങ്ങനെ ഏത് ആഘോഷാവസരത്തിനും ഇരട്ടി സന്തോഷം പകരാന്‍ ഇഷ്ടവിഭവങ്ങളുണ്ടാകാറുണ്ട്. അതുപോലെ ഹോളിക്കും ആവേശം കൂട്ടാന്‍ ചില രുചികളുണ്ട്.
മധുരപലഹാരങ്ങളാണ് ഹോളിയുടെ പ്രത്യേകത. ഇതില്‍ തന്നെ ചില പലഹാരങ്ങള്‍ ഏറെ പേരെ കേട്ടിട്ടുള്ളതാണ്. എന്നാല്‍ അവയില്‍ പലതും നമ്മള്‍ മലയാളികള്‍ക്ക് പരിചിതമല്ലെന്നതാണ് വാസ്തവം. അത്തരത്തിലുള്ളൊരു പലഹാരമാണ് ഗുജിയ. ഇതിനോട് സാദൃശ്യമുള്ള പലഹാരങ്ങള്‍ നമ്മുടെ നാട്ടിലെ കടകളിലെല്ലാം കണ്ടുകാണും. എന്നാല്‍ ഗുജിയ പ്രധാനമായും വടക്കേ ഇന്ത്യക്കാരുടെ ഒരിഷ്ട വിഭവമാണ്.
ഹോളി സ്‌പെഷ്യല്‍ പലഹാരമായാണ് പൊതുവേ ഇത് അറിയപ്പെടുന്നത്. ഗോതമ്പോ മൈദയോ കൊണ്ടുണ്ടാക്കിയ മാവിനകത്ത് നെയ്യില്‍ മൂപ്പിച്ചെടുത്ത ഡ്രൈ ഫ്രൂട്ട്‌സും മധുരം ചേര്‍ത്ത കുറുകിയ പാലും (ഖോവ) നിറച്ച്, ഡീപ് ഫ്രൈ ചെയ്‌തെടുക്കുന്ന പലഹാരമാണ് ഗുജിയ. സാധാരണഗതിയില്‍ നാലിഞ്ച് നീളമെല്ലാം വരുന്ന തരത്തില്‍, അത്രയും വലിപ്പത്തിലാണ് ഇതുണ്ടാക്കുക.
എന്നാല്‍ ലക്‌നൗവിലെ ഒരു ബേക്കറി, ഇപ്രാവശ്യത്തെ ഹോളി പ്രമാണിച്ച് വമ്പന്‍ ഗുജിയകളാണ് തയ്യാറാക്കുന്നത്. 14 ഇഞ്ചോളം വലിപ്പം വരുന്ന ഈ കിടിലന്‍ ഗുജിയയ്ക്ക് അവര്‍ രസകരമായ പേരുമിട്ടിട്ടുണ്ട്. 'ബാഹുബലി ഗുജിയ' എന്നാണ് വലിപ്പം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ഈ പുത്തന്‍ ഗുജിയയ്ക്ക് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. 1,200 രൂപയാണേ്രത ഇത് ഒന്നിന് വില വരിക. ഏതാണ്ട് ഒന്നരക്കിലോയോളം തൂക്കവും വരുമേ്രത ഇതിന്.
എല്ലാ വര്‍ഷവും ഹോളിയാകുമ്പോള്‍ എന്തെങ്കിലും സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കാറുണ്ട്, അതിനാലാണ് ഇക്കുറി ഗുജിയയില്‍ ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് ബേക്കറി ഉടമസ്ഥര്‍ പറയുന്നു. ഏതായാലും 'ബാഹുബലി ഗുജിയ' പ്രാദേശികമായി ഹിറ്റായിട്ടുണ്ടെന്നാണ് ഭക്ഷണപ്രേമികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. അല്‍പമൊന്ന് മെനക്കെട്ടാല്‍ ഗുജിയ വീട്ടിലും തയ്യാറാക്കുന്നതേയുള്ളൂ. ഇതിന്റെ വ്യത്യസ്തമായ റെസിപ്പികളെല്ലാം തന്നെ ഇപ്പോള്‍ സുലഭമാണ്.
Also Read:- ന്യൂയോര്‍ക്കിലെ പ്രിയങ്ക ചോപ്രയുടെ റെസ്റ്റോറന്‍റില്‍ ഇന്ത്യന്‍ വെസ്റ്റേണ്‍ ഫ്യൂഷന്‍!...