തണുപ്പുള്ള വൈകുന്നേരത്തിന് നല്ല ചൂടൻ ഉരുളക്കിഴങ്ങ് പക്കാവടയും ചട്ണിയും ഇങ്ങനെ തയ്യാറാക്കിനോക്കൂ...

കഴിയുന്നതും മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍- അത് സ്നാക്സ് ആയാല്‍പോലും ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷ്യവിഷബാധയ്ക്കോ, വയറ് കേടാകാനോ എല്ലാമുള്ള സാധ്യത മുൻനിര്‍ത്തിയാണ് ഇങ്ങനെ പറയുന്നത്. കാരണം മഴക്കാലത്ത് വെള്ളത്തിലും ഭക്ഷണത്തിലുമെല്ലാം മാലിന്യം കലരാനും രോഗാണുക്കളുണ്ടാകാനും സാധ്യതകളേറെയാണ്.

here is the simple recipe of aloo pakora hyp

മഴക്കാലമാകുമ്പോള്‍ അധികപേര്‍ക്കും വറുത്തതും പൊരിച്ചതുമായി വിഭവങ്ങളോട് ആവേശം കൂടും. ആകെ തണുപ്പുള്ളൊരു അന്തരീക്ഷമാകുമ്പോള്‍ ശരീരം തന്നെ ചൂടുള്ള ഭക്ഷണങ്ങളെ ആഗ്രഹിക്കും. ഇതിന്‍റെ ഭാഗമായിക്കൂടിയാണ് നമുക്കും ചൂടുള്ള കടികളോട് കൊതി കൂടുന്നത്. 

കഴിയുന്നതും മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍- അത് സ്നാക്സ് ആയാല്‍പോലും ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷ്യവിഷബാധയ്ക്കോ, വയറ് കേടാകാനോ എല്ലാമുള്ള സാധ്യത മുൻനിര്‍ത്തിയാണ് ഇങ്ങനെ പറയുന്നത്. കാരണം മഴക്കാലത്ത് വെള്ളത്തിലും ഭക്ഷണത്തിലുമെല്ലാം മാലിന്യം കലരാനും രോഗാണുക്കളുണ്ടാകാനും സാധ്യതകളേറെയാണ്.  ശ്രദ്ധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നമുക്ക് രോഗബാധകളുണ്ടാകാം.

അപ്പോള്‍ നമുക്ക് ഇഷ്ടമുള്ള വിഭവങ്ങളെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നതാണ് ഉചിതം. അത്തരത്തില്‍ മഴക്കാല വൈകുന്നേരങ്ങളിലെ തണുപ്പിന് ഏറെ യോജിച്ചതാണ് പക്കാവടകള്‍. ധാരാളം പേര്‍ക്ക് ഇഷ്ടമുള്ള സ്നാക്ക് കൂടിയാണ് പക്കാവട. ഉള്ളി, ഉരുളക്കിഴങ്ങ് തൊട്ട് ചിക്കൻ വരെ ഉപയോഗിച്ച് പക്കാവട തയ്യാറാക്കാവുന്നതാണ്. എന്തായാലും ഇപ്പോഴിവിടെ ഉരുളക്കിഴങ്ങ് പക്കാവടയുടെ ഒരു സിമ്പിള്‍ റെസിപിയാണ് പങ്കുവയ്ക്കുന്നത്. 

ആര്‍ക്കും വളരെ കുറഞ്ഞ സമയം കൊണ്ട്, കുറ‍ഞ്ഞ ചേരുവകള്‍ മാത്രമുപയോഗിച്ച് വീട്ടില്‍ വച്ച് തയ്യാറാക്കാവുന്ന കിടിലനൊരു പലഹാരം. കൂട്ടത്തില്‍ മല്ലിയിലയോ പുതിനയിലയോ വച്ചുള്ള ചട്ണിയോ, തേങ്ങാ ചട്ണിയോ കൂടിയുണ്ടെങ്കില്‍ സംഗതി കലക്കിയെന്ന് പറയാം.

ഏതായാലും എങ്ങനെയാണ് ഉരുളക്കിഴങ്ങ് പക്കാവട തയ്യാറാക്കുന്നതെന്ന് നോക്കാം. 

ഉരുളക്കിഴങ്ങ്, കോണ്‍ഫ്ളോര്‍, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കടലമാവ്, ഉപ്പ്, ബേക്കിംഗ് സോഡ, ചാട്ട് മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, എണ്ണ എന്നീ ചേരുവകളാണ് ഉരുളക്കിഴങ്ങ് പക്കാവട തയ്യാറാക്കുന്നതിനായി വേണ്ട ചേരുവകള്‍. 

ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഒരേ പോലെ വട്ടത്തില്‍ അരിഞ്ഞെടുക്കണം. ഒരുപാട് കട്ടിയിലോ ഒരുപാട് നേര്‍ത്തോ ആയിരിക്കരുത് കഷ്ണങ്ങള്‍. ഇനി മാവ് തയ്യാറാക്കാൻ കടലമാവ്, അല്‍പം അരിപ്പൊടി (പക്കാവട ക്രിസ്പിയാകാനും മാത്രം ആണ് ചേര്‍ക്കുന്നത്. ഇതിന്‍റെ അനുപാതം നിങ്ങള്‍ക്ക് നിശ്ചയിക്കാം), കോണ്‍ഫ്ളോര്‍ (ഇതും അല്‍പം മതി), ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മ‍്ഞള്‍പ്പൊടി, ബേക്കിംഗ് സോഡ‍, ചാട്ട് മസാല എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. 

ദഹനപ്രശ്നങ്ങളെ കുറിച്ച് കരുതലുള്ളവര്‍ക്ക് മാവിലേക്ക് അല്‍പം അയമോദകവും ചേര്‍ക്കാവുന്നതാണ്. ഇതിന്‍റെ ഫ്ളേവര്‍ ഇഷ്ടമല്ലെങ്കില്‍ ഇതൊഴിവാക്കുകയും ചെയ്യാം. അതുപോലെ ചാട്ട് മസാല ഇഷ്ടമല്ലാത്തവര്‍ക്ക് അതൊഴിവാക്കി പകരം അല്‍പം ഗരം മസാല ചേര്‍ക്കാം. അതും ഇഷ്ടമല്ലെങ്കില്‍ മസാലപ്പൊടി ഒഴിവാക്കാം. 

മാവിലേക്ക് ചിലര്‍ ഉള്ളിയും പച്ചമുളകും തീരെ ചെറുതായി അരിഞ്ഞതും, മല്ലിയിലയോ കറിവേപ്പിലയോ അരിഞ്ഞതും ചേര്‍ക്കാറുണ്ട്. ഇതെല്ലാം നമ്മുടെ അഭിരുചിക്ക് അനുസരിച്ച് ചെയ്യാം. മാവ് തയ്യാറായിക്കഴിഞ്ഞാല്‍ ചട്ടി അടുപ്പത്ത് വച്ച് കുക്കിംഗ് ഓയിലൊഴിച്ച് ചൂടാക്കണം. എണ്ണയും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. എണ്ണ ചൂടായിക്കഴിയുമ്പോള്‍ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കി എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കാം.

പുതിനയില- മല്ലിയില ചട്‍ണി, തേങ്ങാ ചട്‍ണി എന്നിങ്ങനെ ഇഷ്ടമുള്ള ഡിപ് ഏതാണെന്ന് വച്ചാല്‍ നേരത്തെ തയ്യാറാക്കി വച്ചിട്ടുണ്ടെങ്കില്‍ ചൂടോടെ തന്നെ ഉരുളക്കിഴങ്ങ് പക്കാവടയും ചട്‍ണിയും ഒരുമിച്ച് കഴിക്കാം.

Also Read:- മല്ലിയിലയും പുതിനയും കറിവേപ്പിലയുമൊക്കെ അടുക്കളയില്‍ തന്നെ വളര്‍ത്തിയാലോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios