'ജ്യൂസി'ല്‍ ജ്യൂസില്ല, പ്രമുഖ ഭക്ഷണ വ്യാപാര ശൃംഖലയ്ക്ക് വന്‍ തിരിച്ചടി, അന്വേഷണം
പഞ്ചസാരയും വെള്ളവും മുന്തിരി വെള്ളവും ഉപയോഗിച്ചുള്ള തട്ടിക്കൂട്ടാണ് ഈ പേരുകളില്‍ നല്‍കുന്നതെന്നാണ് ഉപയോക്താക്കളുടെ ആരോപണം
ന്യൂയോര്‍ക്ക്: ജ്യൂസില്‍ ജ്യൂസില്ല പ്രമുഖ ഭക്ഷണ വ്യാപാര ശൃംഖലയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പഴച്ചാറുകള്‍ പ്രധാനമായുള്ള ജ്യൂസ് ഇനങ്ങളില്‍ പഴച്ചാറില്ലെന്ന പരാതിയിലാണ് നടപടി. സ്റ്റാർബക്ക്സിനെതിരെ അന്വേഷണം നടത്താനാണ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജഡ്ജ് തിങ്കളാഴ്ച ഉത്തരവിട്ടിരിക്കുന്നത്. യുഎസ് ജില്ലാ ജഡ്ജി ജോണ്‍ ക്രോനന്‍ സ്റ്റാര്‍ബക്സിന്റെ അപേക്ഷ തള്ളിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
11 പരാതികളാണ് ജ്യൂസിന്റെ നിലവാരവും ജ്യൂസിലെ പഴച്ചാറിന്റെ അഭാവവും കാണിച്ച് കോടതിക്ക് മുന്നിലെത്തിയത്. ഇതില്‍ 9 കേസുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാര്‍ ബക്സ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു. മാംഗോ ഡ്രാഗണ്‍ ഫ്രൂട്ട്, മാംഗോ ഡ്രാഗണ്‍ ഫ്രൂട്ട് ലെമണേഡ്, പൈനാപ്പിള്‍ പാഷന്‍ ഫ്രൂട്ട്, പൈനാപ്പിള്‍ പാഷന്‍ ഫ്രൂട്ട് ലെമണേഡ്, സ്ട്രോബെറി അകായ്, സ്ട്രോബെറി അകായ് ലെമണേഡ് അടക്കമുള്ള ആരാധകര്‍ ഏറെയുള്ള ഡ്രിങ്കുകള്‍ക്കെതിരെയാണ് അന്വേഷണം നടക്കുക. സ്റ്റാര്‍ ബക്സിന്റെ സുപ്രധാന ഇനങ്ങളായ ഇവയില്‍ ഒന്നും തന്നെ മാങ്ങ, പാഷന്‍ ഫ്രൂട്ട്, അകായ് തുടങ്ങിയ പഴങ്ങളില്ലെന്നാണ് പരാതി.
പഞ്ചസാരയും വെള്ളവും മുന്തിരി വെള്ളവും ഉപയോഗിച്ചുള്ള തട്ടിക്കൂട്ടാണ് ഈ പേരുകളില്‍ നല്‍കുന്നതെന്നാണ് ഉപയോക്താക്കളുടെ ആരോപണം. നിരവധി ഔട്ട്ലെറ്റുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ കോടതിയിലെത്തിയത്. അമിതമായ ലാഭം ഈടാക്കാന്‍ വലിയ പേരുകള്‍ ഇടുന്നെന്നാണ് പരാതി. ഉപഭോക്താവിന്റെ അവകാശങ്ങള്‍ വലിയ രീതിയില്‍ ഹനിക്കുന്നുവെന്നാണ് ആരോപണം.
മെനുവില്‍ നിന്ന് ഈ ഇനങ്ങള്‍ നീക്കി വാങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. 5 മില്യണ്‍ ഡോളര നഷ്ടപരിഹാരമാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി അന്വേഷിക്കാനുള്ള തീരുമാനം തന്നെ വലിയ അനുകൂല നടപടിയെന്നാണ് പരാതിക്കാര്‍ വിശദമാക്കുന്നത്. 2022 ഓഗസ്റ്റിലാണ് ഉപഭോക്താക്കള്‍ പരാതിയുമായി കോടതിയെ സമീപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം