പ്രായമായവരില്‍ എല്ല് പൊട്ടല്‍ ഒഴിവാക്കാം; ഇതാ ചില ഡയറ്റ് ടിപ്‌സ്
ഏഴായിരത്തിലധികം പേരെ വച്ച് രണ്ട് വര്‍ഷത്തോളമായി നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിരീക്ഷണം പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായമായവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്ന അഞ്ച് പാലുത്പന്നങ്ങളെ കുറിച്ചാണിനി പറയാനുള്ളത്
വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ ( Aged People ) നമ്മള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അവരുടെ എല്ലിന്റെ ആരോഗ്യം ( Bone Health ) തന്നെയാണ്. വാര്‍ദ്ധക്യത്തില്‍ എല്ല് പൊട്ടലുണ്ടായാല്‍ പിന്നെ വീണ്ടെടുക്കാനാകാത്ത വിധം അത് സങ്കീര്‍ണമായി മാറാന്‍ എളുപ്പമാണ്. മിക്കവരും ഇത്തരമൊരു സാഹചര്യം വന്നുചേരുന്നതോടെ കിടപ്പിലാവുകയാണ് പതിവ്.
ഈ ദുരവസ്ഥ ഒഴിവാക്കാന്‍ പ്രായമായവരുടെ എല്ലിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. സൂക്ഷ്മതയോട് കൂടിയുള്ള ജീവിതത്തിനൊപ്പം തന്നെ ഡയറ്റിലും ഇതിനായി ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
'ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനം പ്രകാരം പാലും പാലുത്പന്നങ്ങളും പതിവായി കഴിക്കുന്നത് പ്രായമായവരിലെ എല്ല് പൊട്ടല്‍ ഒഴിവാക്കാന്‍ ഏറെ സഹായകമാണ്.
ഏഴായിരത്തിലധികം പേരെ വച്ച് രണ്ട് വര്‍ഷത്തോളമായി നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിരീക്ഷണം പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായമായവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്ന അഞ്ച് പാലുത്പന്നങ്ങളെ കുറിച്ചാണിനി പറയാനുള്ളത്.
ഒന്ന്...
തീര്‍ച്ചയായും ഈ പട്ടികയില്‍ ആദ്യമുള്‍പ്പെടുന്നത് പാല്‍ തന്നെയാണ്.
മറ്റ് ആരോഗ്യാവസ്ഥ കൂടി കണക്കിലെടുത്ത ശേഷം പ്രായമായവര്‍ക്ക് പതിവായി പാല്‍ നല്‍കാവുന്നതാണ്. ഇതിനോടൊപ്പം അല്‍പം നട്ട്‌സ് കൂടി ചേര്‍ക്കുന്നത് കുറെക്കൂടി നല്ലതാണ്.
രണ്ട്...
വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ കാര്യമായി കഴിക്കുന്നൊരു പാലുത്പന്നമാണ് പനീര്‍. ഇതും എല്ലിന്റെ ആരോഗ്യത്തിനായി പ്രായമായവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. കാത്സ്യം, പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിവയാലെല്ലാം സമ്പുഷ്ടമാണ് പനീര്‍.
മൂന്ന്...
മിക്ക വീടുകളിലും എപ്പോഴും കാണുന്നൊരു പാലുത്പന്നമാണ് തൈര്. ഇതും എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിന് പുറമെ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൈര് സഹായകമാണ്.
നാല്...
തൈര് പോലെ തന്നെ മിക്ക വീടുകളിലും കാണുന്നതാണ് മോരും. വൈറ്റമിനുകള്‍, കാത്സ്യം, പൊട്ടാസ്യം, പ്രോബയോട്ടിക്‌സ് എന്നിങ്ങനെ നമുക്ക് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും കലവറയാണ് മോര്.
ഇതും പ്രായമായവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.
അഞ്ച്...
നെയ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ വരുന്ന പാലുത്പന്നം. ആരോഗ്യകരമായ കൊഴുപ്പാണ് നെയ്യിലുള്ളത്. ഇത് എല്ലിനും ഏറെ ഗുണകരമാണ്.
മേല്‍പ്പറഞ്ഞിരിക്കുന്ന പാലോ പാലുത്പന്നങ്ങളോ പ്രായമായവരുടെ ഡയറ്റിലുള്‍പ്പെടുത്തുമ്പോള്‍ ആദ്യം സൂചിപ്പിച്ചത് പോലെ അവരുടെ മറ്റ് ആരോഗ്യാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശം കൂടി തേടുന്നതാണ് എപ്പോഴും ഉചിതം.
Also Read:- വണ്ണം കുറയ്ക്കാന്‍ 'ബ്ലാക്ക് കോഫി'?; അറിയാം അഞ്ച് കാര്യങ്ങള്‍...