വൈറലായി ചൈനീസ് ബിരിയാണി; ഫുള്‍ റെസിപി വീഡിയോ...
പ്രാദേശികമായി പല രീതികളിലാണ് ബിരിയാണികള്‍ തയ്യാറാക്കാറ്. കേരളത്തില്‍ തന്നെ എത്രയോ വൈവിധ്യമാര്‍ന്ന ബിരിയാണികളുണ്ട്. അതുപോലെ തന്നെ ഓരോ സ്ഥലങ്ങളിലും ഇതിന്റെ പാകപ്പെടുത്തല്‍ വ്യത്യസ്തമാണ്
ഇന്ത്യന്‍ വിഭവങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ളൊരു വിഭവമാണ് ബിരിയാണി (Biryani ). ചിക്കനോ ( Chicken ), ബീഫോ മട്ടണോ അല്ലെങ്കില്‍ കൂണ്‍, പനീര്‍ ( Paneer ) പോലുള്ള വെജിറ്റബിള്‍സ് ചേര്‍ത്തതോ ഏതുമാകട്ടെ, ബിരിയാണിയോടുള്ള പ്രണയം ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം അല്‍പം 'സ്‌പെഷ്യല്‍' തന്നെയാണ്.
പ്രാദേശികമായി പല രീതികളിലാണ് ബിരിയാണികള്‍ തയ്യാറാക്കാറ്. കേരളത്തില്‍ തന്നെ എത്രയോ വൈവിധ്യമാര്‍ന്ന ബിരിയാണികളുണ്ട്. അതുപോലെ തന്നെ ഓരോ സ്ഥലങ്ങളിലും ഇതിന്റെ പാകപ്പെടുത്തല്‍ വ്യത്യസ്തമാണ്. എങ്കിലും ചില ബിരിയാണി പരീക്ഷണങ്ങള്‍ ബിരിയാണി പ്രേമികള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ്.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന സ്‌ട്രോബെറി ബിരിയാണി, ചോക്ലേറ്റ് ബിരിയാണിയെല്ലാം ഇത്തരത്തില്‍ ബിരിയാണി പ്രേമികളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ട പരീക്ഷണങ്ങളാണ്. ഇപ്പോഴിതാ അത്തരത്തില്‍ വ്യത്യസ്തമായ മറ്റൊരു ബിരിയാണിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇറച്ചിയും പച്ചക്കറികളുമെല്ലാം ഒരുമിച്ച് ചേര്‍ത്ത് തയ്യാറാക്കുന്ന 'ചൈനീസ് ബിരിയാണി'യാണ് ഇങ്ങനെ ഭക്ഷണപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പാചക വീഡിയോകളുമായി വരാറുള്ളൊരു യൂട്യൂബ് ചാനലാണ് ചൈനീസ് ബിരിയാണിയുടെ റെസിപി പങ്കുവച്ചിരിക്കുന്നത്.
ഇതിന്റെ വീഡിയോ നിരവധി പേരാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. എന്തായാലും സ്‌ട്രോബെറി ബിരിയാണി പോലെയോ ചോക്ലേറ്റ് ബിരിയാണി പോലെയോ കടുത്ത വിമര്‍ശനങ്ങളല്ല ചൈനീസ് ബിരിയാണി നേരിടുന്നത്. ഒരു വിഭാഗം പേര്‍ ഇതില്‍ തല്‍പരരാണെന്നാണ് കമന്റുകളെല്ലാം വ്യക്തമാക്കുന്നത്. പലര്‍ക്കും ഒരിക്കലെങ്കിലും ഇതൊന്ന് പരീക്ഷിച്ചാല്‍ കൊള്ളാമെന്നുമുണ്ട്. ചിലര്‍ മാത്രം ഇത് ഉള്‍ക്കൊള്ളാവുന്നതല്ലെന്ന് പറഞ്ഞ് തള്ളിക്കളയുന്നുമുണ്ട്.
ഏതായാലും ഭക്ഷണപ്രേമികളില്‍, പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഒന്ന് പരീക്ഷിച്ച് നോക്കാവുന്ന റെസിപി തന്നെയാണിത്. വീഡിയോ കണ്ടുനോക്കൂ...