തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് വിത്തുകള്‍...
തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട പോഷകങ്ങള്‍ അടങ്ങിയ ചില വിത്തുകളുണ്ട്.
തലമുടി കൊഴിച്ചില്‍ തടയാനും തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട പോഷകങ്ങള്‍ അടങ്ങിയ ചില വിത്തുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ തലമുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.
രണ്ട്...
ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
മൂന്ന്...
മത്തങ്ങ വിത്ത് അഥവാ മത്തന്‍ കുരു ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയതാണ് മത്തങ്ങാ വിത്ത്. സിങ്ക് ധാരാളം അടങ്ങിയ മത്തന്‍ കുരു തലമുടി തഴച്ചു വളരാനും സഹായിക്കും.
നാല്...
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആരോഗ്യ ഭക്ഷണങ്ങളിൽ ഒന്നാണ് സൂര്യകാന്തി വിത്തുകൾ. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഇവ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവയിലെ വിറ്റാമിന്‍ ഇയും ഫാറ്റി ആസിഡുകളും തലമുടി വളരാന്‍ സഹായിക്കും.
അഞ്ച്...
ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയ ഉലുവ സീഡുകളും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകങ്ങളും പ്രോട്ടീനും അടങ്ങിയ ഇവ മുടിയുടെ ശക്തിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഈ തെറ്റുകള്‍ ഒഴിവാക്കാം...