കൂടുതൽ പരാതികൾ വരുമോ? സിദ്ദിഖിൻ്റെ കേസും ഉറ്റുനോക്കുന്നു; അനിശ്ചിതത്വം നീങ്ങാതെ 'അമ്മ',പുതിയ ഭരണസമിതി വൈകുന്നു
ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിലാണ് വിമർശനം ശക്തമായതും അമ്മ പിരിച്ചുവിടുന്നതും. രണ്ടു മാസം കഴിഞ്ഞും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള യോഗം നടന്നിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവാദങ്ങൾ ശക്തായതോടെയാണ് അനിശ്ചിതത്വം തുടർന്നത്.
കൊച്ചി: പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതില്‍ താരസംഘടനയായ അമ്മയില്‍ അനിശ്ചിതത്വം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ കൊടുംകാറ്റിലുലഞ്ഞ് ഭരണസമിതി പിരിച്ചുവിട്ട് ഒന്നരമാസമായിട്ടും ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുന്നതില്‍ പോലും തീരുമാനമായില്ല. സിദ്ദിഖ് അടക്കമുള്ളവരുടെ കേസിന്‍റെ പുരോഗതി അറിഞ്ഞിട്ട് മതി പുതിയ നീക്കങ്ങളെന്ന തീരുമാനത്തിലാണ് താരങ്ങള്‍.
ഓഗസ്റ്റ് 27നാണ് പ്രസിഡന്‍റ് മോഹന്‍ ലാല്‍ ഉള്‍പ്പെടെ രാജിവച്ച് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത്. രണ്ട് മാസത്തിനുള്ളില്‍ പുതിയ നേതൃത്വം വരുമെന്നായിരുന്നു അന്ന് താരങ്ങള്‍ ഉറപ്പ് പറഞ്ഞത്. ബൈലോ പ്രകാരം രഹസ്യബാലറ്റിലൂടെയാണ് അമ്മയില്‍ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്. 21 ദിവസം മുന്‍പ് ജനറല്‍ ബോഡിക്ക് നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഇറക്കണം, നോമിനേഷനുകള്‍ സ്വീകരിക്കണം, പരിശോധന നടത്തി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കണം, ഏതെങ്കിലും സ്ഥാനത്തേക്ക് ഒന്നിലേറെ പേരുണ്ടെങ്കില്‍ വോട്ടെടുപ്പ് നടത്തും. എന്നാൽ ഇതുവരെ ഒന്നും തുടങ്ങിയിട്ടില്ല. ഭരണസമിതി പിരിച്ചുവിട്ടനതുശേഷമുള്ള അഡ്ഹോക്ക് കമ്മറ്റിക്ക് ബൈലോ പ്രകാരം ഒരു വര്‍ഷം തുടരാമെന്നും ആര്‍ക്കാണിത്ര തിരക്കെന്നും താരങ്ങള്‍ ചോദിക്കുന്നു.
ഹേമാ കമ്മറ്റി വിവാദങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങിയിട്ടുമതി പുതിയ ഭരണസമിതിയെന്നാണ് മുതിര്‍ന്ന താരങ്ങള്‍ക്കിടയിലെ ധാരണ. കൂടുതല്‍ പരാതികളും കേസുകളുമുണ്ടാകുമോ എന്ന ആശങ്ക പലര്‍ക്കും ഉണ്ട്. സിദ്ദിഖിനെതിരായ കേസിലെ തുടര്‍ നടപടികള്‍ എന്താണെന്ന് അറിയാനും കാത്തിരിക്കുകയാണ് താരങ്ങള്‍. മലയാള സിനിമയിലെ യുവതാരങ്ങള്‍ അമ്മയുടെ നേതൃത്വത്തിലേക്ക് വരണമെന്ന് ഒട്ടുമിക്ക താരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൃഥ്രിരാജ് അടക്കം ഷൂട്ടിംഗ് തിരക്കിലാണ്. ഇടയ്ക്ക് നിശ്ചയിച്ച അഡ്ഹോക്ക് കമ്മറ്റിയോഗം കവിയൂര്‍ പൊന്നമ്മയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8