'തല'യോ 'തലൈവരോ'? പൊങ്കല്‍ ബോക്‌സ്ഓഫീസിലേക്ക് കണ്ണുനട്ട് തമിഴ് സിനിമ

24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കല്‍ ചിത്രം. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരേദിവസം രണ്ട് വന്‍ റിലീസുകള്‍ തമിഴ് സിനിമയില്‍ സംഭവിക്കുന്നത്. 2014ല്‍ എത്തിയ ജില്ലയും വീരവുമാണ് തമിഴില്‍ അവസാനമായി ഒരേദിവസം തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.

thala or thalaivar all eyes for pongal box office

തമിഴ് സിനിമയുടെ ഏറ്റവും പ്രധാന സീസണുകളിലൊന്നാണ് പൊങ്കല്‍ എങ്കില്‍ ഇത്തവണ അതിന് കൗതുകവും ആവേശവും കൂടുതലാണ്. കോളിവുഡിന്റെ 'തല'യും 'തലൈവരും' ഒരേ ദിവസം തീയേറ്ററുകളിലെത്തുന്നു എന്നതാണ് കോളിവുഡിന്റെ പൊങ്കല്‍ ബോക്‌സ്ഓഫീസിനെ ഒരു പോരാട്ടവേദിയാക്കുന്നത്. രജനീകാന്തിന്റെ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'പേട്ടട' ജനുവരി 10 എന്ന റിലീസ് തീയ്യതി ആദ്യം പ്രഖ്യാപിച്ചത്. ജനുവരി 14 എന്ന് നേരത്തേ പറഞ്ഞിരുന്നു അജിത്തിന്റെ സിരുത്തൈ ശിവ ചിത്രം 'വിശ്വാസ'വും പിന്നീട് പത്താം തീയ്യതിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. 

ആകെ ആയിരത്തിലേറെ തീയേറ്ററുകളുള്ള തമിഴ്‌നാട്ടില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഏത് ചിത്രം നേടും എന്നറിയാനായിരുന്നു ഇന്റസ്ട്രിയുടെ ആദ്യ ആകാംക്ഷ. ആയിരത്തില്‍ തൊള്ളായിരത്തോളം തീയേറ്ററുകളിലും നാളെ മുതല്‍ ഈ രണ്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പരമാവധി പ്രദര്‍ശനങ്ങള്‍ തുല്യമായി വീതം വെച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കമുള്ള ഭൂരിഭാഗം തീയേറ്ററുകാരും. നാല് പ്രദര്‍ശന സമയങ്ങളുള്ള പല സിംഗിള്‍ തീയേറ്ററുകളും 2-2 അനുപാതത്തിലാണ് പേട്ടയ്ക്കും വിശ്വാസത്തിനും പ്രദര്‍ശനങ്ങള്‍ നല്‍കിയിരിക്കുന്നത്. സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് സ്‌പെഷ്യല്‍ ഷോകള്‍ക്ക് ഇനിയും സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ കോളിവുഡിന് പ്രതിഷേധമുണ്ട്. അഞ്ചാമതൊരു പ്രദര്‍ശനത്തിന് സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് സിനിമാ മന്ത്രി കടമ്പൂര്‍ രാജു നേരത്തേ പറഞ്ഞത്. ഇനി അഥവാ അവസാനനിമിഷം അത്തരമൊരു പ്രദര്‍ശന സാധ്യത തെളിഞ്ഞാല്‍ ഓണ്‍ലൈന്‍ ബുക്കിംഗില്‍ മുന്നിലെത്തുന്ന ചിത്രത്തിന് അഞ്ചാം പ്രദര്‍ശനം അനുവദിക്കാമെന്ന് തീയേറ്റര്‍ ഉടമകളില്‍ പലരും കരുതുന്നു.

പൊങ്കല്‍ റിലീസായി രണ്ട് വമ്പന്‍ റിലീസുകള്‍ ഒരേദിവസം എത്തുന്നതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഇന്റസ്ട്രിയിലും തീയേറ്റര്‍ ഉടമകള്‍ക്കിടയിലുമുണ്ട്. ഒരേദിവസം എത്തുന്നത് രണ്ട് ചിത്രങ്ങളുടെയും കളക്ഷനെ ബാധിക്കുമെന്നാണ് ഒരു വിലയിരുത്തല്‍. എന്നാല്‍ ഉത്സവ സീസണുകളിലെ 'സോളോ റിലീസുകള്‍' അടുത്തകാലത്ത് സംഭവിച്ചതാണെന്നും മുന്‍പ് ശിവാജി ഗണേശന്റെയും എംജിആറിന്റെയും ജെമിനി ഗണേശന്റെയുമൊക്കെ ചിത്രങ്ങള്‍ ഒരേദിവസം എത്തിയിട്ടുണ്ടെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. തമിഴ്‌നാട്ടില്‍ കുടുംബങ്ങളെല്ലാം തീയേറ്ററുകളിലേക്കെത്തുന്ന പൊങ്കലിന് ഓരോ ചിത്രത്തിനും അതര്‍ഹിക്കുന്ന ഷെയര്‍ ലഭിക്കുമെന്നും അവര്‍ വിലയിരുത്തുന്നു.

രജനിയുടെയും അജിത്തിന്റെയും ആരാധകര്‍ക്ക് തൃപ്തിയേകുന്നവയല്ലായിരുന്നു ഇരുവരുടെയും അവസാന ചിത്രങ്ങള്‍. ഷങ്കറിന്റെ സംവിധാനത്തില്‍ രജനി എത്തിയ 2.0 കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായെങ്കിലും ആരാധകര്‍ സ്‌ക്രീനില്‍ കാണാനാഗ്രഹിക്കുന്ന 'തലൈവര്‍' ആയിരുന്നില്ല അതില്‍. അജിത്തിന്റെ കാര്യത്തില്‍, സിരുത്തൈ ശിവ തന്നെ സംവിധാനം ചെയ്ത അവസാന ചിത്രം വിവേകവും ആരാധക പ്രതീക്ഷകള്‍ക്ക് ഒപ്പമെത്താതെ പോയ ചിത്രമാണ്. അജിത്തിനൊപ്പം നാലാം തവണ ഒന്നിക്കുമ്പോള്‍ ശിവയ്ക്ക് എന്തെങ്കിലും പുതുതായി പറയാനുണ്ടാവുമോ എന്നാണ് ഇന്റസ്ട്രി ഉറ്റുനോക്കുന്നത്. താരമുണ്ട് എന്നതുകൊണ്ട് മാത്രം ഒരു സിനിമയും ബോക്‌സ്ഓഫീസില്‍ വിജയിക്കാത്ത കാലത്ത് ഉള്ളടക്കവും അവതരണവുമൊക്കെ പ്രധാനമാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ കരുതുന്നു. മറുതലയ്ക്കല്‍ പേട്ടയുടെ ട്രെയ്‌ലറില്‍ പഴയ രജനിയെ വീണ്ടെടുക്കാനുള്ള ശ്രമമുണ്ട്. എന്നാല്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധായകന്‍ എന്നതിനാല്‍ ഒരു മാസ് രജനി പടത്തിനപ്പുറമുള്ള ചിലത് എന്തായാലും പ്രതീക്ഷിക്കപ്പെടുന്നുണ്ട് പേട്ടയില്‍ നിന്ന്. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍, ത്രിഷ, ശശികുമാര്‍, ബോബി സിംഹ എന്നിങ്ങനെ വമ്പന്‍ താരനിരയും പേട്ടയെക്കുറിച്ചുള്ള പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്നു. അതെന്തായാലും റിലീസ് ദിനം വൈകുന്നേരത്തോടെ ഏത് ചിത്രമാണ് പൊങ്കല്‍ മത്സരത്തില്‍ മുന്നേറുകയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ക്ക് പ്രവചിക്കാനാവുമെന്ന് കരുതപ്പെടുന്നു.

ഒട്ടേറെ കൗതുകങ്ങള്‍ വേറെയുമുണ്ട് ഈ ബോക്‌സ്ഓഫീസ് 'യുദ്ധ'ത്തില്‍. 24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കല്‍ ചിത്രം. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരേദിവസം രണ്ട് വന്‍ റിലീസുകള്‍ തമിഴ് സിനിമയില്‍ സംഭവിക്കുന്നത്. 2014ല്‍ എത്തിയ ജില്ലയും വീരവുമാണ് തമിഴില്‍ അവസാനമായി ഒരേദിവസം തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios