15 വര്‍ഷങ്ങള്‍, പൃഥ്വിരാജും പ്രേക്ഷകരും തമ്മില്‍
ചലച്ചിത്രത്തിന്‍റെ മര്‍മ്മമറിയുന്ന രഞ്ജിത്ത് ആണ് പത്തൊമ്പതുകാരനായ പൃഥ്വിരാജ് സുകുമാരന് മലയാള സിനിമയിലേക്ക് വാതില്‍ തുറന്നുകൊടുത്തത് - നന്ദനത്തിലൂടെ. നവ്യാ നായരുടെ കഥാപാത്രം തുറന്നുകൊടുത്ത വാതിലിലൂടെ മനുവെന്ന കഥാപാത്രമായി നന്ദനത്തിലെ തറവാട്ടുവീട്ടിലേക്ക് കയറുന്നതായാണ് പൃഥ്വിരാജിനെ പ്രേക്ഷകര്‍ ആദ്യമായി കണ്ടത് - 2002ല്‍. നായികകേന്ദ്രീകൃത ചിത്രമായിരുന്നെങ്കിലും നന്ദനത്തിലെ മനുവിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറാന്‍ പൃഥ്വിക്കായി. പിന്നീട് പക്ഷേ ആ ഇഷ്ടം മാറിയും കൂടിയും കുറഞ്ഞുമൊക്കെ വന്നു. പക്ഷേ കാലം മാറിയപ്പോള്‍, പൃഥ്വിരാജ് തന്നെ മുമ്പ് പറഞ്ഞതുപോലെ തന്നെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലേക്ക് പൃഥ്വിരാജ് വളര്‍ന്നിരിക്കുന്നു. സിനിമയിലെത്തി 15 വര്‍ഷം തികയുമ്പോള്‍ മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്നു പൃഥ്വിരാജ്.
നന്ദനത്തിലൂടെയുള്ള തുടക്കം ഗംഭീരമായിരുന്നു. പക്ഷേ പിന്നീട് തുടര്‍ച്ചയായി നായകനായി പടങ്ങള്‍ എണ്ണത്തില്‍ ഏറെയുണ്ടായിരുന്നെങ്കിലും ഹിറ്റുകള്‍ പൃഥ്വിരാജിനെ തേടിയെത്തിയില്ല. 2003ല്‍ സ്വപ്നക്കൂട് വിജയചിത്രമായെങ്കിലും 2006ലാണ് പൃഥ്വിരാജിന് ഗംഭീര വിജയം സ്വന്തമാക്കാനായത്. ക്ലാസ്മേറ്റ്സിലൂടെ. ഇവ രണ്ടും കൂട്ടായ്മയുടെ കൂടി വിജയമായിരുന്നു. എന്നാല്‍ 2007ല്‍ ചോക്ലേറ്റിലൂടെ പൃഥ്വിരാജ് തന്റെ ആദ്യ സോളോ ഹിറ്റും സ്വന്തമാക്കി. വിജയചിത്രങ്ങളുടെ നായകനാകും മുന്നേ തന്നെ മികച്ച നടന്‍ എന്ന പേര് പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. വാസ്തവം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ആദ്യമായി മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുന്നത്. 2006ലായിരുന്നു ആ പുരസ്കാര നേട്ടം. മികച്ച നടനുള്ള കേരള ചലച്ചിത്ര അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവ് എന്ന റെക്കോര്‍ഡിനും ഇതോടെ പൃഥ്വി അര്‍ഹനാകുകയായിരുന്നു.
അവാര്‍ഡ് പൊലിമ പേരിനൊപ്പം ചേര്‍ത്തെങ്കിലും ആക്ഷന്‍ ചിത്രങ്ങളിലും മറ്റും ടൈപ്പ് വേഷങ്ങളില്‍ പൃഥ്വിയെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ഈ നടനില്‍ നിന്ന് ഒന്ന് അകലം പാലിച്ചു. വാക്കുകളിലെ തന്‍റേടവും ഈ നടന്‍ മറച്ചുവയ്ക്കാതിരുന്നപ്പോള്‍ ആ അകലം വര്‍ദ്ധിച്ചു. ഇന്‍റര്‍നെറ്റിലും മറ്റും ചിലപ്പോഴൊക്കെ തീയേറ്ററുകളിലുമൊക്കെ ആക്രമിക്കപ്പെടലായിരുന്നു ഇതിന്‍റെ ഫലം. പക്ഷേ, പ്രേക്ഷകഹൃദയങ്ങള്‍ തിരിച്ചുപിടിക്കുന്ന സമീപനങ്ങളാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ പൃഥ്വിയില്‍ നിന്ന് ഉണ്ടായത്. പ്രേക്ഷകപ്രീതി വീണ്ടും സ്വന്തമാക്കാന്‍ പൃഥ്വിയെ സഹായിച്ചതും രഞ്ജിത്ത് ആയിരുന്നു - ഇന്ത്യന്‍ റുപ്പിയിലൂടെ.
2012ലായിരുന്നു പൃഥ്വിരാജ് പ്രേക്ഷകപ്രീതി വീണ്ടെടുക്കാന്‍ തുടങ്ങിയത്. താരതമ്യേന താരഭാരം വെടിഞ്ഞതായിരുന്നു പൃഥ്വിയുടെ ചലച്ചിത്രസമീപനങ്ങള്‍. ഹീറോ മാത്രമാണ് 2012ല്‍ പൃഥ്വിയുടേതായി വന്ന താരകേന്ദ്രീകൃത മലയാളചിത്രം. 2012ല്‍ പൃഥ്വിയുടേതായി എത്തിയ മറ്റ് ചിത്രങ്ങള്‍ മോളി ആന്‍റി റോക്സ്, അയാളും ഞാനും തമ്മില്‍, ആകാശത്തിന്‍റെ നിറം, മഞ്ചാടിക്കുരുവുമായിരുന്നു. സെന്‍സര്‍ ചെയ്തത് സെല്ലുലോയിഡും. ഇതില്‍ അയാളും ഞാനും എന്ന ചിത്രത്തിലേയും സെല്ലുലോയിഡിലേയും അഭിനയത്തിലൂടെ പൃഥ്വിരാജ് വീണ്ടും മികച്ച നടനായി.
അയാളും ഞാനും തമ്മിലിലെ ഡോ രവി തരകന്‍ ഭദ്രമായിരുന്നു പൃഥ്വിയിലെന്ന് അവാര്‍ഡ് നിര്‍ണ്ണയത്തിന് വളരെ മുന്നേ പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിയായും അലസനായ ഡോക്ടറായും പിന്നീട് ഇരുത്തംവന്ന ഭിഷ്വഗരനായുമുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടം പ്രേക്ഷകര്‍ ഉള്ളില്‍തൊട്ട് അറിഞ്ഞിരുന്നു. കഥാപാത്രങ്ങളായുള്ള വേഷപ്പകര്‍ച്ചകളില്‍ ഇമേജുകളെ വലിച്ചെറിഞ്ഞിരുന്നു പൃഥ്വിരാജ്. മലയാള സിനിമയുടെ പിതാവിന്‍റെ കഥ പറഞ്ഞ സെല്ലുലോയിഡില്‍ ജെ സി ഡാനിയലായപ്പോഴും പ്രതിഛായകളോ മറ്റ് താരഭാരങ്ങളോ പൃഥ്വിരാജിനെ ബാധിച്ചില്ല. അതുകൊണ്ടുതന്നെ മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജിന് വീണ്ടും ലഭിക്കുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിച്ചു. ഇന്‍റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലും പൃഥ്വിരാജിനോട് പ്രേക്ഷകര്‍ കൂട്ടുകൂടി.
2013ലും മികച്ച സിനിമകളുടെ ഭാഗമാകാനായിരുന്നു പൃഥ്വിരാജ് ശ്രമിച്ചത്. അതിന്റെ ആദ്യ സൂചനയായിരുന്നു മുംബൈ പൊലീസ്. സാധാരണ ഒരു നായകനടന്‍ ഏറ്റെടുക്കാന്‍ തയ്യാറാവാത്ത വേഷമാണ് പൃഥ്വിരാജ് സ്വീകരിച്ചത്. സ്വവര്‍ഗപ്രേമിയായ ഒരു കുറ്റാന്വേഷകന്റെ വേഷത്തില്‍ പൃഥ്വിരാജ് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് ആല്‍ക്കഹോളിക്കായ കുറ്റാന്വേഷകന്റെ വേഷത്തിലൂടെയിരുന്നു പൃഥ്വിരാജ് കയ്യടി നേടിയത്, മെമ്മറിസിലൂടെ. 2015ല്‍ എന്നു നിന്റെ മൊയ്തീനും അനാര്‍ക്കലിയും ഒക്കെ വന്‍ ഹിറ്റായപ്പോള്‍ പ്രണയനായകനായും പൃഥ്വിരാജ് സ്വീകാര്യത നേടി. സിനിമയ്‍ക്കു പുറമേ ജീവിതത്തിലെ സ്വതന്ത്രനിലപാടുകളിലൂടെയും സമീപകാലത്ത് പൃഥ്വിരാജ് ശ്രദ്ധ നേടി. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഇനി താന്‍ സ്‍ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നു പറഞ്ഞ് പൃഥ്വിരാജ് തന്റേടം കാട്ടി.
ചലച്ചിത്രയാത്രയില്‍ നിര്‍മ്മാതാവായും പൃഥ്വി രംഗത്തെത്തിയിരുന്നു. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ഉറുമിയായിരുന്നു ആദ്യ നിര്‍മ്മാണസംരഭം. പിന്നണി പാടുകയും ചെയ്‍തു പൃഥ്വി ചില ചിത്രങ്ങളില്‍. മണിരത്നത്തിന്‍റെ രാവണന്‍ അടക്കം തമിഴ് ചിത്രങ്ങളിലും തിളങ്ങിയ പൃഥ്വി ബോളിവുഡിലും അരങ്ങേറി - അയ്യയിലൂടെ. ചിത്രം അത്രകണ്ട് ശ്രദ്ധനേടിയില്ലെങ്കിലും ബോളിവുഡില്‍ പൃഥ്വിക്കായി വീണ്ടും ചിത്രങ്ങള്‍ ഒരുങ്ങി.
ഇനിയും നിരവധി സിനിമകളാണ് പൃഥ്വിരാജിന്റേതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് സംവിധായകനാകുന്ന ചിത്രവും അക്കൂട്ടത്തിലൂണ്ട്, മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍. ആ സിനിമകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. സിനിമയില്‍ 15 വര്‍ഷം തികയുമ്പോള്‍പൃഥ്വിരാജിനൊപ്പം പ്രേക്ഷകരുണ്ട്, പ്രേക്ഷകര്‍ക്കൊപ്പം പൃഥ്വിരാജും.