Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് തുടങ്ങി മൂന്നാംദിവസം ശ്രീശാന്ത് പുറത്തേക്ക്?

ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കുന്ന മൂന്നാം എപ്പിസോഡിലാണ് ശ്രീശാന്തിന്റെ പുറത്തുപോകലിന് ആസ്പദമായ നാടകീയ സംഭവങ്ങള്‍. മത്സരാര്‍ഥിയായ ശ്രീശാന്ത് വൈമുഖ്യം പ്രകടിപ്പിച്ചതോടെ ബിഗ് ബോസിന് സീസണ്‍ 12ലെ ആദ്യ ടാസ്‌ക് ഒഴിവാക്കേണ്ടിവന്നു.

sreesanth to quit bigg boss on its third day
Author
Mumbai, First Published Sep 18, 2018, 4:33 PM IST | Last Updated Sep 19, 2018, 9:29 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുന്നതിനിടെയാണ് ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണില്‍ ഒരു പ്രശസ്ത മലയാളി പങ്കെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ക്രിക്കറ്റ് താരവും പലപ്പോഴും വിവാദ നായകനുമായ എസ്.ശ്രീശാന്തായിരുന്നു പതിനേഴ് മത്സരാര്‍ഥികളില്‍ ഒരാള്‍. സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണ്‍ 16നാണ് ആരംഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ആദ്യ എലിമിനേഷന്‍ നടക്കുന്നതിന് മുന്‍പുതന്നെ ബിഗ് ബോസ് ഹിന്ദിയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നു. രണ്ട് ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ത്തന്നെ ശ്രീശാന്ത് ബിഗ് ബോസിന് പുറത്തേക്ക് പോയേക്കും എന്നാണ് അത്.

ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കുന്ന മൂന്നാം എപ്പിസോഡിലാണ് ശ്രീശാന്തിന്റെ പുറത്തുപോകലിന് ആസ്പദമായ നാടകീയ സംഭവങ്ങള്‍. മത്സരാര്‍ഥിയായ ശ്രീശാന്ത് വൈമുഖ്യം പ്രകടിപ്പിച്ചതോടെ ബിഗ് ബോസിന് ആദ്യ ടാസ്‌ക് ഒഴിവാക്കേണ്ടിവന്നു. ഇതില്‍ മറ്റ് മത്സരാര്‍ഥികള്‍ അതൃപ്തി അറിയിക്കുകയും ചിലരൊക്കെ ശ്രീശാന്തിനെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഷോയില്‍നിന്ന് പുറത്തുപോകാനുള്ള ആഗ്രഹം ശ്രീശാന്ത് പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള യോഗ്യതയെക്കുറിച്ച് പരസ്പരം ചോദ്യംചെയ്യുക എന്നതായിരുന്നു ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിഗ് ബോസ് നല്‍കിയ ആദ്യ ടാസ്‌ക്. ജോടികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മത്സരാര്‍ഥികളെ ഒറ്റയ്‌ക്കെത്തിയവരായിരുന്നു ചലഞ്ച് ചെയ്യേണ്ടത്. തുടര്‍ന്ന് ഇതില്‍ എല്ലാ മത്സരാര്‍ഥികളും പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കുന്ന രീതിയിലായിരുന്നു ടാസ്‌ക്. തന്റെ ഊഴം ആയപ്പോള്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് ശ്രീശാന്ത് പാനലിനൊപ്പം ഇരുന്നത്. ടാസ്‌ക് അനുസരിച്ചുള്ള ചര്‍ച്ച നടത്താനും ശ്രീശാന്ത് വിസമ്മതിച്ചു. മറ്റ് മത്സരാര്‍ഥികള്‍ നിര്‍ബന്ധിച്ചിട്ടും ബിഗ് ബോസിന്റെ മുന്നറിയിപ്പ് വന്നിട്ടും ശ്രീശാന്ത് ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് മാത്രമല്ല ഒരു വാക്ക് പോലും മിണ്ടിയില്ല. പിന്നാലെ ഈ ടാസ്‌ക് തന്നെ ബിഗ് ബോസ് ഉപേക്ഷിക്കുകയായിരുന്നു. 

സീസണിലെ തങ്ങളുടെ ആദ്യ ടാസ്‌ക് റദ്ദാക്കപ്പെട്ടതില്‍ മിക്ക മത്സരാര്‍ഥികളും അതൃപ്തരായിരുന്നു. പല മത്സരാര്‍ഥികളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഷോയില്‍ നിന്ന് പിന്മാറാനുള്ള ആഗ്രഹം ശ്രീശാന്ത് വെളിപ്പെടുത്തുകയായിരുന്നു. ആളുകളെ രണ്ട് ദിവസം കൊണ്ട് വിലയിരുത്താന്‍ തനിക്കാവില്ലെന്നായിരുന്നു ശ്രീശാന്തിന്റെ പിന്നീടുള്ള പ്രതികരണം. ഇത്തരം ടാസ്‌കുകളാണ് ഈ ഷോയിലെങ്കില്‍ തനിക്ക് പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നും ശ്രീ പറഞ്ഞു. 

മുന്‍പ് ഝലക് ദിഖ്‌ലാ ജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴുള്ള ശ്രീശാന്തിന്റെ ഇറങ്ങിപ്പോക്ക് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. താന്‍ പരോളില്‍ ഇറങ്ങിയ സമയത്തായിരുന്നു ആ ഷോ എന്നും ഇപ്പോള്‍ ബിഗ് ബോസില്‍ വരുന്ന സമയത്ത് തനിക്ക് ഒന്നും തെളിയിക്കാനില്ലെന്നും ഷോ തുടങ്ങും മുന്‍പുള്ള അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ബിഗ് ബോസില്‍ നിന്ന് വോക്കൗട്ട് നടത്തേണ്ട സാഹചര്യമില്ലെന്നും. 

Latest Videos
Follow Us:
Download App:
  • android
  • ios