എസ്.ഐ സാജൻ മാത്യു സ്പീക്കിംഗ്
പോത്തേട്ടന് ബ്രില്ലന്‍സ് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ തിയറ്ററുകളില്‍ കയ്യടിനേടി മുന്നേറുകയാണ്. ഒരു പോലീസ് സ്റ്റേഷനിലെ പച്ചയായ കാഴ്ചയില്‍ ഫഹദും സുരാജും അലൻസിയറുമൊക്കെ അവിസ്മരണീയ പ്രകടനം നടത്തുന്നുവെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ പറയുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം കൈയ്യടി നേടുന്ന കഥാപാത്രമാണ് എസ്.ഐ സാജൻ മാത്യുവിന്റെത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’എന്ന ചിത്രത്തില്‍ അഭിനയിച്ച യഥാര്‍ത്ഥ ജീവിതത്തിലും പോലീസുകാരായ പുതുമുഖങ്ങളില്‍ കൈയ്യടി കൂടുതല്‍ നേടിയത് സാജനാണ്, കാസർഗോഡ് ജില്ലയിലെ ആദൂർ സിഐ സിബി തോമസാണ് ഈ റോള്‍ അഭിനയിച്ചത്. സിബി തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് സംസാരിക്കുന്നു.
അഭിനയം അത് കൂടെയുണ്ടായിരുന്നു
കണ്ണൂര്‍ മാലോത്ത് കസബ ഗവ. സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് സിബി ആദ്യമായി മുഖത്ത് ചായമിടുന്നത്. നാടകവേദിയിലെ അഭിനയ പരീക്ഷണങ്ങള്‍ സ്കൂള്‍ കടന്ന് കോളേജ് കാലത്തേക്ക് എത്തി. കൂത്തുപറമ്പ് നിർമലഗിരി കോളജിലെ ഡിഗ്രികാലത്ത് തുടർച്ചയായി മൂന്നുവർഷം മികച്ച നടനുള്ള സമ്മാനം നേടി. അന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോണ്‍ തലത്തിലും മികച്ച നടനായി. ബിരുദത്തിന് ശേഷം സിനിമ തന്നെയായിരുന്നു മോഹം, പിന്നീട് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു ലക്ഷ്യം. അവിടെ സിനിമാറ്റോഗ്രഫി കോഴ്സിന് എൻട്രൻസ് പരീക്ഷ പാസാകുകയും ഒരാഴ്ചത്തെ ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇന്റർവ്യൂവിൽ വിജയിക്കാൻ കഴിഞ്ഞില്ല. പിന്നീട് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എടുക്കുന്ന സമയത്താണ് അറിയുന്നത് ഞാന്‍ പ്രവേശനം കിട്ടാന്‍ ശ്രമിച്ച ബാച്ചിലായിരുന്നു പ്രശസ്ത സംവിധായകനും ഈ ചിത്രത്തിന്റെ ക്യമറമാനുമായ രാജീവ് രവി പഠിച്ചത് എന്ന്.
പോലീസ് ജീവിതം
ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം നടക്കാതിരുന്നതോടെ സിനിമ മോഹം താല്‍ക്കാലം അവസാനിപ്പിച്ചു. പിന്നെ ഏതെങ്കിലും കരിയര്‍ തിരഞ്ഞെടുക്കാനുള്ള നീക്കം. ഒടുവില്‍ 2003ല്‍ കേരള പോലീസില്‍ ചേര്‍ന്നു. 'തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തില്‍ കാണിക്കും പോലെ ഒരു സന്ദര്‍ഭം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ദേഷ്യപ്പെടുകയും ഒച്ചയെടുക്കുകയുമൊക്കെ ചെയ്യുന്നത് പോലീസ് ജീവിതത്തിന്റെ ഭാഗമാണ്. 2013 ല്‍ മികച്ച കുറ്റാന്വേഷകനുള്ള ഹോണററി ബാഡ്ജ് ലഭിച്ചു. 2014 ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചു. ഒരോ പരാതിയിലും രണ്ട് ഭാഗവും കേട്ട് തീരുമാനം എടുക്കുന്നതാണ് എന്റെ രീതി. ചിത്രത്തില്‍ പല രംഗങ്ങളിലും കാണുന്നത് ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ.
സാജൻ മാത്യുവിന്റെ കടന്ന് വരവ്
ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തിൽ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് ഒരു സുഹൃത്താണ് ശ്രദ്ധയില്‍ പെടുത്തിയത്. പഴയ സിനിമാ മോഹം ഉദിച്ചുവെന്നത് സത്യമാണ്. ഓഡിഷനില്‍ തിരഞ്ഞെടുത്തു, അവര്‍ക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു. ഞങ്ങളില്‍ നിന്ന് എന്താണ് അവര്‍ ആഗ്രഹിക്കുന്നത് എന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. 30 ദിവസത്തോളം ഷൂട്ടിന് വേണ്ടിവരും എന്നാണ് പറഞ്ഞത്. എന്നാല്‍ 14 ദിവസം കൊണ്ട് എന്റെ ഭാഗങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും സഹകരണമുണ്ടായി. അവര്‍ ഒരുക്കിയ പോലീസ് സ്റ്റേഷന് അന്തരീക്ഷം തീര്‍ത്തും, അത് പോലെ തന്നെയായിരുന്നു. എൻമകജെ പഞ്ചായത്തിലെ ഷേണിയിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ‘ഫഹദിനെയും അലൻസിയറെയും പോലുള്ള നടന്മാരുടെ പിന്തുണ ഏറെ ഗുണംചെയ്തു. സംഭാഷണങ്ങൾ ലൈവായി റിക്കാർഡ് ചെയ്തത് മറ്റൊരു പുതുമയായിരുന്നു. ദിലീഷ് പോത്തനെപ്പോലൊരു പെർഫക്ഷനിസ്റ്റിന്റെ സിനിമയിൽ മിക്ക രംഗങ്ങളിലും ആദ്യ ടേക്കിൽത്തന്നെ ഓക്കെയായത് ഏറെ സന്തോഷം നൽകി.
പ്രതികരണം...
ആയിരത്തോളം കോളുകളാണ് ഇതുവരെ വന്നത്. കാഞ്ഞങ്ങാട് വിനായകയിലാണ് ആദ്യഷോ കണ്ടത്, ഒപ്പം ചില മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അല്ലാതെ എന്നെ മുന്‍പരിചയമുള്ള ആരുമില്ലായിരുന്നു. എന്നാല്‍ പടം അവസാനിച്ച ശേഷം ചെറുപ്പക്കാരൊക്കെ വളരെ സ്നേഹപൂര്‍വ്വമാണ് സമീപിച്ചത്. ഒരു പോലീസുകാരന് എന്ന ഭയമൊന്നും ഇല്ലാതെ ഫോണിലൂടെയും മറ്റും ആളുകള്‍ സ്നേഹപൂര്‍വ്വം സമീപിക്കുന്നുണ്ട്. സിനിമ രംഗത്തുള്ള ചിലരും വിളിച്ചു, അവര്‍ പറയുന്നുണ്ട് നമ്മുക്ക് വീണ്ടും കാണാം എന്ന്... ഭാര്യ എലിസബത്തും മക്കളായ ഹെലൻ, കരോളിൻ, എഡ്വിൻ എന്നിവരും സിനിമ ജീവിതത്തിന് പൂര്‍ണ്ണപിന്തുണയുമായി രംഗത്തുണ്ട്.