'പേട്ട'യോ 'വിശ്വാസ'മോ കളക്ഷനില്‍ മുന്നില്‍? ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയത്

ഇതുവരെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ രജനിയുടെ പേട്ടയേക്കാള്‍ ഇനിഷ്യല്‍ കളക്ഷനില്‍ മുന്നിലുള്ളത് അജിത്തിന്റെ വിശ്വാസമാണ്. എന്നാല്‍ ആഗോള ബോക്‌സ്ഓഫീസില്‍ രജനിയുടെ താരപ്രഭാവത്തിനൊപ്പമെത്തില്ല 'തല'യുടേത്.
 

petta viswasam two day box office collection

തമിഴ്‌സിനിമകളുടെ ഏറ്റവും പ്രധാന സീസണാണ് പൊങ്കല്‍. ഗ്രാമ, നഗര ഭേദമന്യെ പ്രിയ താരങ്ങളുടെ സിനിമകള്‍ തീയേറ്ററുകളില്‍ പോയി കാണുക എന്നത് പൊങ്കല്‍ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് 'യുദ്ധ'ത്തിനാണ് കോളിവുഡ് സിനിമ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. രജനീകാന്തിന്റെ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'പേട്ട'യും അജിത്തിന്റെ സിരുത്തൈ ശിവ ചിത്രം 'വിശ്വാസ'വും. വിന്റേജ് രജനീകാന്തിനെ ഏറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ എത്തിച്ചെന്ന് അഭിപ്രായമുയര്‍ന്ന പേട്ടയ്ക്കാണ് അജിത്ത് ചിത്രത്തേക്കാള്‍ മൗത്ത് പബ്ലിസിറ്റി കൂടുതല്‍. എന്നാല്‍ ബോക്‌സ്ഓഫീസിലും പേട്ട തന്നെയാണോ മുന്നില്‍? അതോ 'തല'യാണോ 'തലൈവരേ'ക്കാള്‍ വലിയ ക്രൗഡ് പുള്ളര്‍? 

ഇതുവരെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ രജനിയുടെ പേട്ടയേക്കാള്‍ ഇനിഷ്യല്‍ കളക്ഷനില്‍ മുന്നിലുള്ളത് അജിത്തിന്റെ വിശ്വാസമാണ്. എന്നാല്‍ കളക്ഷനിലുള്ളത് അത്ര വലിയ വ്യത്യാസവുമല്ല. ചെന്നൈയടക്കമുള്ള നഗരങ്ങളിലും മള്‍ട്ടിപ്ലെക്‌സുകളിലും രജനിയുടെ പേട്ടയ്ക്കാണ് തിരക്ക് കൂടുതല്‍. അതേസമയം ഗ്രാമങ്ങളിലെ സിംഗിള്‍ സ്‌ക്രീനുകളുടെ താരം അജിത്ത് തന്നെ. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ കണക്ക് പ്രകാരം ചെന്നൈ നഗരത്തിലെ സ്‌ക്രീനുകളില്‍ ആദ്യ രണ്ട് ദിനങ്ങളില്‍ വിശ്വാസം നേടിയത് 1.74 കോടിയാണ്. എന്നാല്‍ പേട്ട നേടിയത് 2.20 കോടിയും. എന്നാല്‍ മുഴുവന്‍ തമിഴ്‌നാടിന്റെയും കാര്യമെടുത്താല്‍ (ട്രേഡ് അനലിസ്റ്റ് ഗിരീഷ് ജോഹറിന്റെ കണക്ക് പ്രകാരം) വിശ്വാസം ആദ്യദിനം നേടിയത് 26 കോടിയാണ്. പേട്ടയുടെ ആദ്യദിന തമിഴ്‌നാട് കളക്ഷന്‍ 23 കോടിയും. അതായത് വിശ്വാസം നേടിയതില്‍ നിന്ന് മൂന്ന് കോടിയുടെ കുറവ്.

എന്നാല്‍ ആഗോള ബോക്‌സ്ഓഫീസില്‍ രജനിയുടെ താരപ്രഭാവത്തിനൊപ്പമെത്തില്ല 'തല'യുടേത്. യുഎസില്‍ റിലീസിംഗ് തീയേറ്ററുകളുടെ എണ്ണത്തില്‍ പേട്ടയുടെ പകുതി പോലും വരില്ല വിശ്വാസം. സ്വാഭാവികമായും കളക്ഷനിലും അത് പ്രതിഫലിച്ചിട്ടുണ്ട്. ആഗോള ബോക്‌സ്ഓഫീസില്‍ റിലീസ് ദിനത്തില്‍ പേട്ട 48 കോടി നേടിയപ്പോള്‍ അജിത്തിന്റെ വിശ്വാസം നേടിയത് 43 കോടിയാണെന്ന് ഗിരീഷ് ജോഹര്‍ ട്വീറ്റ് ചെയ്യുന്നു.

പേട്ടയ്ക്ക് ചെന്നൈ നഗരത്തില്‍ ലഭിച്ച ഓപണിംഗ് കഴിഞ്ഞ രജനി ചിത്രങ്ങളായ കാല, 2.0 എന്നിവയേക്കാള്‍ താഴെയാണെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ കണക്ക് പ്രകാരം 1.12 കോടിയാണ് പേട്ടയ്ക്ക് ചെന്നൈ സിറ്റിയില്‍ റിലീസ്ദിനത്തില്‍ ലഭിച്ചത്. കാലയുടെ രണ്ടാംദിന ചെന്നൈ കളക്ഷന്‍ 1.44 കോടിയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios