പ്രേക്ഷകരെ ഒപ്പം ചേര്‍ക്കുന്ന ഒപ്പം!
പേരു തന്നെയാണ് സിനിമയുടെ വണ്‍ലൈന്‍; അല്ലെങ്കില്‍ സിനിമ മൊത്തവും. നായകന് ഒപ്പം സഞ്ചരിക്കുന്ന കൊലയാളി അഥവാ വില്ലന്‍. കൊലയാളി ഒപ്പം ഉണ്ടെന്ന് അറിയാവുന്ന നായകന്‍. കൊലയാളിയെ അറിയാമെങ്കിലും ആരാണ് അതെന്നു മറ്റുള്ളവരെ കാട്ടിക്കൊടുക്കാനോ അയാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ കഴിയാതെ വരുന്നു അന്ധനായ ജയരാമന്‍ എന്ന നായകന്. തന്റെ പിന്നാലെയുള്ള കൊലയാളിയെ എങ്ങനെ ജയരാമന്‍ കുടുക്കും എന്നതിലാണ് സിനിമയുടെ സസ്പെന്‍സും.
കാഴ്ചയില്ലാത്ത ജയരാമന് ശബ്‍ദവും സ്പര്‍ശവും തുണയായുണ്ട്. ഒരിക്കല്‍ കേട്ട ശബ്ദവും അറിഞ്ഞ സ്പര്‍ശവും കൊണ്ട് കൊലയാളിയെ ജയരാമന്‍ കീഴടക്കുന്ന കഥാവഴിയാണ് ത്രില്ലര്‍ അനുഭവമായി മാറുന്നത്. പതിവ് ത്രില്ലര്‍ സിനിമകളിലെ ട്വിസ്റ്റുകളല്ല ഒപ്പത്തെ ആകാംക്ഷഭരിതമാക്കുന്നത്. മറിച്ച് നായകന്റേയും കൊലയാളിയുടേയും ഒപ്പത്തിനൊപ്പമുള്ള സഞ്ചാരമാണ്. പ്രിയദര്‍ശന്‍ കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ഒപ്പം.
മലയാളത്തില്‍ സ്വയം ആവര്‍ത്തിച്ച് ഏശാതെ പോയ സിനിമകള്‍ക്കു ശേഷമുള്ള പ്രിയദര്‍ശന്റെ ഒരു വന്‍ തിരിച്ചുവരവാണ് ഒപ്പം. ജനപ്രിയതയുടെ ചേരുവകള്‍ വേണ്ടംവിധം പ്രയോഗിക്കാറുള്ള പ്രിയദര്‍ശന്‍ ഒപ്പത്തില്‍, പ്രമേയം അനുവദിക്കുന്ന ആഖ്യാനരീതികള്‍ മാത്രമാണ് പിന്തുടരുന്നത്. തന്റെ ഏറ്റവും ടെക്നിക്കലി ബ്രില്യന്റ് ആയ സിനിമ എന്ന് ഒപ്പത്തിനെ വിശേഷിപ്പിച്ച പ്രിയദര്‍ശന്റേത് വെറും വാചകമടിയല്ലെന്ന് ആദ്യ രംഗങ്ങളില്‍ തന്നെ വ്യക്തമാകുന്നു.
ത്രില്ലര്‍ ചിത്രമാണ് ഇതെന്ന് അടിവരയിട്ട രംഗത്തിനു ശേഷമാണ് പ്രിയദര്‍ശന്‍ നായകനെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് അഭിനേതാക്കളെ കയറൂരിവിടാതെ പ്രമേയത്തിനൊപ്പം ചേര്‍ത്തു മുറുക്കെപിടിച്ചാണ് സിനിമ മുന്നോട്ടുകൊണ്ടുപോകുന്നതും. ഏറെക്കാലത്തിനു ശേഷം പ്രിയദര്‍ശന്റെ കയ്യൊപ്പുപതിഞ്ഞ സിനിമയാകുകയും ചെയ്യുന്നു ഒപ്പം.
ഒപ്പത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് കഥാപാത്രത്തിന്റെ ആഴമറിഞ്ഞുള്ള മോഹന്‍ലാലിന്റെ അഭിനയമാണ്. അന്ധനെ റിയലിസ്റ്റിക് രീതിയില്‍ തന്നെ അവതരിപ്പിക്കുകയാണ് ലാല്‍. കണ്ണടയാല്‍ കണ്ണുമറച്ച് അന്ധനായി അഭിനയിക്കാനുള്ള കുറുക്കുവഴിയല്ല മോഹന്‍ലാലിന്റേത്. ശരീരത്തെ മൊത്തമറിഞ്ഞുള്ള അഭിനയം. ജയരാമന്‍റെ ചെറുചലനങ്ങളില്‍ പോലും സൂക്ഷമാഭിനയത്തിന്‍റെ തികവും മികവും. പറഞ്ഞറിയിക്കേണ്ടതല്ല അതൊന്നും, കണ്ടനുഭവിക്കേണ്ടതുതന്നെയാണ്.
ചില രംഗങ്ങളിലെ മോഹന്‍ലാലിന്റെ ഭാവാഭിനയ മികവ് എടുത്തുപറയണം. കോടതിക്കു പുറത്ത് സഹോദരിയെ കാണുന്ന രംഗം അഭിനയിക്കാന്‍ ലാലിനു മാത്രമേ സാധിക്കൂ എന്നു തോന്നിപ്പോകും. ആള്‍ക്കൂട്ടത്തെ ആവേശത്തിലാക്കുന്ന ലാല്‍പ്രകടനങ്ങളിലെ 'മാസ് ഇലമെന്റും' പ്രിയദര്‍ശന്‍ ഒന്നു രണ്ടു രംഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ആ രംഗങ്ങളൊക്കെ തീയേറ്ററില്‍ കയ്യടി നേടുന്നുമുണ്ട്.
അഭിനേതാക്കളില്‍ മിക്കവരും സിനിമയുടെ ഒഴുക്കിനൊപ്പം ചേരുന്നു. സമുദ്രക്കനി, നെടുമുടി വേണു, മാമുക്കോയ, മീനാക്ഷി, അനുശ്രീ, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്, കവിയൂര്‍ പൊന്നമ്മ, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ അവരവരുടെ ജോലികള്‍ ഭംഗിയായി ചെയ്യുന്നു. സിനിമയുടെ ആദ്യഭാഗത്തു കുറച്ചുനേരം, പ്രേക്ഷകരെ ഒപ്പം ചേര്‍ക്കാന്‍ സംവിധായകന്‍ നിയോഗിച്ചിരിക്കുന്നത് മാമുക്കോയയെ ആണ്. ആ ഉത്തരവാദിത്തം മാമുക്കോയ രസകരമായി നിര്‍വഹിക്കുന്നു. അഭിനേതാക്കളില്‍ വിമലാ രാമന്റെ പ്രകടനമാണ് ചിലയിടങ്ങളില്‍ ഒപ്പം ചേരാതെ പോകുന്നത്. ബിനീഷ് കോടിയേരിയും 'അഭിനയിക്കുക'യാണെന്നു തോന്നും.
സാങ്കേതിക വിഭാഗങ്ങളില്‍ ഏകാംബരത്തിന്റെ ക്യാമറ പ്രമേയത്തിനൊപ്പം തന്നെ. ത്രില്ലറാനുഭവം ചോരാതെ തന്നെ ഛായാഗ്രഹണം. ചിലയിടങ്ങളില്‍ ദൃശ്യഭംഗിയും പരിഗണിക്കുന്നു. ഇടുക്കിയിലേയും മറ്റും ഹൈ ആംഗിള്‍ ഷോട്ടും ആകര്‍ഷണീയം. പശ്ചാത്തലസംഗീതവും ഒപ്പം നില്‍ക്കുന്നു.
പതിവ് പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ ശബ്‍ദഭാവങ്ങളും എം ജി ശ്രീകുമാറിന്റെ പാട്ടുകളും ഇത്തവണയും ചേരുംപടി ചേരുന്നു. ഒപ്പം പ്രിയദര്‍ശനു പുറമേ എം ജി ശ്രീകുമാറിനും മികച്ച ഒരു തിരിച്ചുവരവ് സമ്മാനിക്കുന്നു. സിനിമ കണ്ടുകഴിഞ്ഞാലും മൂളി നടക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പാട്ടുകള്‍.