പദ്മാവതിക്ക് സ്വാഗതം; പ്രദര്‍ശനത്തിന് പ്രത്യേക സൗകര്യമൊരുക്കും മമത
കൊല്‍ക്കത്ത: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രമായ പദ്മാവതി മധ്യപ്രദേശും ഗുജറാത്തും അടക്കമുള്ള ബിജെപി സര്‍ക്കാറുകള്‍ നിരോധിക്കുമ്പോള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ് ബംഗാള്‍ ഗവണ്‍മെന്റ്. ആദ്യമായാണ് ചിത്രത്തിന് പിന്തുണയുമായി ഒരു സംസ്ഥാനം രംഗത്തെത്തിയിരിക്കുന്നത്.
പദ്മാവതിക്ക് ബംഗാളിലേക്ക് സ്വാഗതമരുളുന്നതായും ചിത്രത്തന്റെ പ്രദര്‍ശനത്തിന് പ്രത്യേക സൗകര്യമൊരുക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യന്ത്രി മമത ബാനര്‍ജി ഇന്ത്യ ടുഡെയുടെ കോണ്‍ക്ലേവ് പരിപാടിയില്‍ പറഞ്ഞു.അതിയായ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബംഗാള്‍ ഇത് ചെയ്യുക. മറ്റേത് സംസ്ഥാനങ്ങള്‍ എങ്ങനെ പ്രതികരിച്ചാലും ബംഗാള്‍ സഞ്ജയ് ലീലയെയും സംഘത്തേയും ക്ഷണിക്കുന്നതായും മമത പറഞ്ഞു
ചിത്രത്തിനെതിരെ വന്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം. അതേസമയം പദ്മാവതിക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. ജയ്പൂര്‍ നഹാര്‍ഗഢില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നാല്‍പതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൃതദേഹത്തിനടുത്ത് കല്ലില്‍ 'പദ്മാവതി കാ വിരോത്' (പദ്മാവതിക്കെതിരെയുള്ള പ്രതിഷേധം) എന്ന് എഴുതിവച്ചായിരുന്നു ആത്മഹത്യ. ഇത്തരത്തില്‍ ചിത്രത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.