വി ദക്ഷിണാമൂര്‍ത്തി ഓർമ്മയായിട്ട് ഇന്ന് നാല് വർഷം

Fourth Death Anniversary Of V Dakshinamoorthi

മലയാള സിനിമാസംഗീതത്തിന്‍റെ ചരിത്രത്തിനൊപ്പം നടന്ന സംഗീത സംവിധായകനാണ് വി ദക്ഷിണാമൂർത്തി . ചലച്ചിത്രഗാനങ്ങളില്‍ ശാസ്ത്രീയ സംഗീതത്തെ സന്നിവേശിപ്പിച്ച് പുതിയ ചലച്ചിത്രസംഗീതരീതിയ്ക്ക്  തന്നെ തുടക്കമിട്ട മഹാപ്രതിഭ.  കുഞ്ചാക്കോയുമായുള്ള ബന്ധമാണ് ശുദ്ധ സംഗീതത്തിന്‍റെ കാവലാളായിരുന്ന  ദക്ഷിണാമൂര്‍ത്തിക്ക്  സിനിമാസംഗീത ലോകത്തേയ്ക്ക്  വഴി തുറന്നത് . 1948ല്‍ നല്ലതങ്കയെന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി രംഗത്തെത്തി.

ഈണങ്ങള്‍ മലയാളത്തിലേക്ക് കടമെടുത്തിരുന്ന അതുവരെയുണ്ടായിരുന്ന രീതി അദ്ദേഹം പൊളിച്ചെഴുതി. അങ്ങനെ  മലയാള സംഗീതലോകത്തിന്‍റെ സ്വന്തം സ്വാമിയായി. കാതടപ്പിക്കുന്ന ശബ്ദമല്ല,  ഇമ്പമുള്ള സംഗീതമാണ് വേണ്ടതെന്ന പക്ഷത്തായിരുന്നു  എന്നും സ്വാമി. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ അദ്ദേഹം വളരെയധികം പിശുക്കു കാണിച്ചു. പ്രണയവും  വിരഹവും മാത്രമല്ല വിപ്ലവവും വാത്സല്യവും സ്വാമിയുടെ ഈണങ്ങിൽ ഹൃദ്യമായി.

തലമുറകള്‍ക്കിപ്പുറവും സംഗീതമത്സരവേദികളിലടക്കം സ്വാമിയുടെ സംഗീതം ഉയർന്നു തന്നെ കേൾക്കുകയാണ്.  ആ സംഗീതത്തിലൂടെ സ്വന്തം കഴിവുകൾ തെളിയിച്ചെടുക്കാൻ പുതുതലമുറയും മത്സരിക്കുകയാണ്.

ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന ചിത്രത്തിന് വേണ്ടി സംഗീതം നല്‍കിയ ശേഷം 1987ൽ അദ്ദേഹം  സിനിമാ സംഗീതത്തോട് വിടപറഞ്ഞതാണ് .  എന്നാല്‍ 2008ല്‍ പ്രിയപ്പെട്ടവരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി മിഴികള്‍ സാക്ഷിയെന്ന ചിത്രത്തിന് വേണ്ടി വീണ്ടും രംഗത്തെത്തി.  2005ൽ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ ചന്ദ്രോത്സവം സിനിമയിൽ ഒരു വേഷവും ചെയ്തിരുന്നു.

കാലത്തിനും മരണത്തിനും ഒക്കെ അപ്പുറമാണ് സംഗീതം . ഈണങ്ങളുടെ  ഈ ആചാര്യന്റെ ഗാനങ്ങൾക്ക് മുന്നിൽ ഇന്നും ഒരു വലിയ ആസ്വാദക ലോകം നമ്രശിരസ്കരായി തൊഴുത് നിൽക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios