ലോകമാകെ 6000 സ്ക്രീനുകള്‍; 'വിക്രാന്ത് റോണ' ഒരാഴ്ച കൊണ്ട് നേടിയത്
ലോകമെമ്പാടും 6000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്
തെലുങ്കിനും തമിഴിനുമൊപ്പം നില്‍ക്കുന്ന പ്രൊഡക്ഷന്‍ നിലവാരത്തോടെയാണ് കന്നഡ സിനിമയിലും ഇപ്പോള്‍ പല സിനിമകളും ഇറങ്ങുന്നത്. കെജിഎഫ് തുറന്നുകൊടുത്ത പാതയിലൂടെ പാന്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് സാന്‍ഡല്‍വുഡില്‍ നിന്ന് നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഇതിനകം പുറത്തെത്തിയ മറ്റൊരു ചിത്രവും ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടി തുടരുകയാണ്. കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി സംവിധാനം ചെയ്‍ത ഫാന്‍റസി ആക്ഷന്‍ ചിത്രമാണ് തിയറ്ററുകളില്‍ ആളെ കൂട്ടുന്നത്. ജൂലൈ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വേള്‍ഡ്‍വൈഡ് റിലീസ് ആണ് ലഭിച്ചത്. എട്ട് ദിവസം കൊണ്ട് ചിത്രം 150 കോടി പിന്നിട്ടുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന കണക്ക്.
ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ ചിത്രത്തിന് കാര്യമായി വെല്ലുവിളികള്‍ ഉണ്ടാവില്ലെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ. അതേസമയം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എത്ര സ്ക്രീനുകളില്‍ ചിത്രത്തിന് തുടരാനാവും എന്നത് ബോക്സ് ഓഫീസിനെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. ചിത്രത്തിന്‍റെ നിലവാരത്തെക്കുറിച്ച് റിലീസ് ചെയ്യപ്പെട്ട എല്ലാ വിപണികളില്‍ നിന്നും പ്രേക്ഷകര്‍ക്ക് നല്ല അഭിപ്രായമാണ് ഉള്ളത്. ചിത്രത്തിന് റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിക്കാന്‍ ഇത് ഒരു പ്രധാന കാരണമായാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
കാന്‍വാസിന്‍റെ വലിപ്പം കൊണ്ട് വലിയ പ്രീ- റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 13.50 കോടിയായിരുന്നു. നാല് ദിന വാരാന്ത്യത്തിലെ ആകെ കളക്ഷന്‍ 40 കോടിയോളം ആയിരുന്നു. ലോകമെമ്പാടും 6000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ഡ്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിന്റെ കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകൻ. ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെയറര്‍ ഫിലിംസാണ്.