ചിയാൻ വിക്രത്തിന്റെ 'കോബ്ര' കരകയറുമോ, തീയറ്റര്‍ കളക്ഷൻ കണക്കുകള്‍
റിലീസ് ദിനത്തെ വരവേല്‍പ് ചിത്രത്തിന് രണ്ടാം ദിവസം ലഭിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
വിക്രം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ 'കോബ്ര'. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്‍ത ചിത്രത്തിന് വലിയ വരവേല്‍പായിരുന്നു ആരാധകര്‍ നല്‍കിയത്. പക്ഷേ തിയറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബോക്സ് ഓഫീസില്‍ വലിയ ചലനം 'കോബ്ര'യ്‍ക്ക് സൃഷ്‍ടിക്കാനാകില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിനി ട്രാക്കിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ നിന്ന് രണ്ടു ദിവസങ്ങളിലായി 26.5 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴ്നാട്ടില്‍ ആദ്യ ദിവസം 11.5 കോടി നേടിയെങ്കില്‍ രണ്ടാം ദിവസം 3.5 കോടി രൂപയേ നേടാനായുള്ളൂ. ആന്ധ്രാപ്രദേശ് റീജയനില്‍ നിന്ന് ആദ്യ ദിവസം 4.25 കോടിയും രണ്ടാം ദിവസം 1.75 കോടിയും ആണ് നേടിയത്. കേരളത്തില്‍ നിന്ന് ആദ്യ ദിവസം 1.65 കോടിയും രണ്ടാം ദിവസം 55 ലക്ഷവും ആണ് നേടിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് ആദ്യ ദിവസം രണ്ട് കോടിയും രണ്ടാം ദിവസം 50 ലക്ഷവുമാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് ആകെ ആദ്യ ദിവസം 20 കോടി നേടിയ ചിത്രത്തിന് രണ്ടാം ദിവസം 6.5 കോടി മാത്രമേ നേടാനായുള്ളൂവെന്നാണ് സിനി ട്രാക്ക് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ 'കോബ്ര'യുടെ രണ്ടുദിവസത്തെ ആഗോള കളക്ഷനായി 34.40 കോടി രൂപ എന്നാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്.
യു/എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന് മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡുമായിരുന്നു റിലീസ് ചെയ്‍തപ്പോഴുള്ള ദൈര്‍ഘ്യം. ഇത് വളരെ കൂടുതലാണ് എന്ന് തുടക്കത്തിലേ അഭിപ്രായം ഉയര്‍ന്നിരുന്നു. സിനിമാ ആസ്വാദനത്തെ അത് ബാധിക്കുമെന്ന് പ്രതികരണങ്ങള്‍ വന്നു. തുടര്‍ന്ന് 'കോബ്ര'യുടെ ദൈര്‍ഘ്യം 20 മിനുട്ട് വെട്ടിക്കുറച്ചതായി നിര്‍മാതാക്കളായ സെവെൻ സ്‍ക്രീൻ സ്റ്റുഡിയോ അറിയിച്ചിരുന്നു
'മഹാന്' ശേഷമെത്തിയ വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ ഒരിടവേളയ്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ 'കോബ്ര' എന്ന ചിത്രത്തിന് തെന്നിന്ത്യയിലാകെ വലിയ രീതിയിലുള്ള പ്രമോഷണാണ് വിക്രം നടത്തിയത്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമാണ് ഇത്. ചിത്രം ആക്ഷന്‍ ത്രില്ലറാണ്. വിക്രം എട്ടോളം വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 'ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. എ ആര്‍ റഹ്‍മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹരീഷ് കണ്ണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Read More : തിയറ്ററുകളില്‍ അഭിപ്രായം നേടി 'നക്ഷത്തിരം നകര്‍കിരത്', ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്ത്