കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബുമായി ബാലയ്യ; 'വീര സിംഹ റെഡ്ഡി' നാല് ദിവസത്തില്‍ നേടിയത്
ജനുവരി 12 ന് തിയറ്ററുകളിലെത്തിയ ആക്ഷന്‍ ഡ്രാമ
തെന്നിന്ത്യന്‍ സിനിമകള്‍, വിശേഷിച്ചും തെലുങ്ക് ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നത്. അവിടുത്തെ താരചിത്രങ്ങളൊക്കെയും ബോക്സ് ഓഫീസിലെ മിനിമം ഗ്യാരന്‍റിയോടാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ടോളിവുഡിലെ പ്രധാന സീസണുകളില്‍ ഒന്നായ സംക്രാന്തിക്ക് തിയറ്ററുകളിലെത്തിയ ചിത്രങ്ങളും മികച്ച നേട്ടമാണ് കൊയ്യുന്നത്. ചിരഞ്ജീവി നായകനായ വാള്‍ട്ടര്‍ വീരയ്യ, നന്ദമുറി ബാലകൃഷ്ണ നായകനായ വീര സിംഹ റെഡ്ഡി എന്നിവയായിരുന്നു തെലുങ്കിലെ പ്രധാന സംക്രാന്തി റിലീസുകള്‍. ബാലയ്യ ചിത്രത്തിന്‍റെ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.
ജനുവരി 12 ന് തിയറ്ററുകളിലെത്തിയ വീര സിംഹ റെഡ്ഡി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രമാണ്. ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. 12 മുതല്‍ 15 വരെയുള്ള നാല് ദിനങ്ങളില്‍ നിന്ന് 104 കോടിയാണ് ചിത്രം നേടിയതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ഗ്രോസ് കളക്ഷന്‍ ആണിത്. വാരാന്ത്യ ദിനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയ ചിത്രം ബോക്സ് ഓഫീസില്‍ ഇനിയും ഏറെ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. അതേസമയം ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ആണ് ഇത്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അഖണ്ഡയാണ് ബാലകൃഷ്ണയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം.