മറാഠി സിനിമയില്‍ വിസ്‍മയ വിജയമായി വേദ്; റിതേഷ് ദേശ്മുഖിന്റെ സംവിധാന അരങ്ങേറ്റത്തിന് ബോക്സ് ഓഫീസ് റെക്കോര്‍ഡ്
റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം
ഇന്ത്യന്‍ സിനിമയില്‍ കളക്ഷന്‍ റെക്കോര്‍ഡുകളുടെ പേരില്‍ ഇപ്പോള്‍ സ്ഥിരമായി വാര്‍ത്തകളില്‍ ഇടംപിടിക്കാറ് തെന്നിന്ത്യന്‍ സിനിമകളാണ്. പിന്നെ എക്കാലത്തെയും പോലെ ബോളിവുഡ് ചിത്രങ്ങളും. നേടിയ കളക്ഷന്‍റെ പേരില്‍ ഒരു മറാഠി ചിത്രം വാര്‍ത്താ തലക്കെട്ടുകളിലേക്ക് കടന്നുവരുന്നത് അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകം. ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്‍ത്, കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച വേദ് എന്ന ചിത്രമാണ് ബോക്സ് ഓഫീസില്‍ അമ്പരപ്പിക്കുന്നത്.
നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം റിതേഷ് ദേശ്മുഖിന്റെ സംവിധാന അരങ്ങേറ്റവുമാണ് വേദ്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളില്‍ എത്തിയത് ഡിസംബര്‍ 30 ന് ആണ്. ആദ്യ ദിനങ്ങളില്‍ തന്നെ പോസിറ്റീവ് അഭിപ്രായം പ്രവഹിച്ചതോടെ തിയറ്ററുകളിലേക്ക് കാണികള്‍ കൂട്ടമായി എത്തി. പുറത്തെത്തിയ കണക്കുകള്‍ പ്രകാരം 15 കോടി ബജറ്റ് ഉള്ള ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 50 കോടിയാണ്! മറാഠി സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ മറ്റൊരു ചിത്രം മാത്രമാണ് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളത്. പ്രമുഖ സംവിധായകന്‍ നാഗ്‍രാജ് മഞ്ജുളെയുടെ സംവിധാനത്തില്‍ 2016 ല്‍ പുറത്തെത്തിയ റൊമാന്‍റിക് ട്രാജഡി ചിത്രം സായ്‍രാത് ആണ് മറാഠിയിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം.
ALSO READ : അഡ്വാന്‍സ് ബുക്കിംഗില്‍ 'ദൃശ്യം 2' നെ മറികടന്ന് 'പഠാന്‍'; ലക്ഷ്യം റെക്കോര്‍ഡ് ഓപണിംഗ്
റിതേഷിന്‍റെ ഭാര്യ കൂടിയായ ജെനിലിയ ഡിസൂസയാണ് ചിത്രത്തിലെ നായിക. ജിയ ശങ്കര്‍, അശോക് സറഫ്, വിദ്യാധര്‍ ജോഷി, രവിരാജ് കാണ്ഡെ, ശുഭാകര്‍ താവ്‍ഡെ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ ഫിലിം കമ്പനിയുടെ ബാനറില്‍ ജെനിലിയ ഡിസൂസ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭൂഷണ്‍കുമാര്‍ ജെയിന്‍ ഛായാഗ്രഹണവും അജയ്- അതുല്‍ സംഗീതവും പകര്‍ന്നിരിക്കുന്നു.