ഞെട്ടിച്ച് ഗരുഡൻ, ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റു, ഉണ്ണി മുകുന്ദനും സൂരിക്കൊപ്പം
സൂരി നായകനായി എത്തിയതാണ് ഗരുഡൻ.
സൂരി നായകനായി എത്തിയ ഗരുഡൻ സിനിമയ്‍ക്ക് മികച്ച സ്വീകാര്യത. ഉണ്ണി മുകുന്ദൻ വേഷമിട്ട തമിഴ് ചിത്രം എന്ന ഒരു പ്രത്യേകതയും ഗരുഡനുണ്ട്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. സൂരി നായകനായി എത്തിയ ഗരുഡന്റെ ടിക്കറ്റ് വില്‍പനയില്‍ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
ഉണ്ണി മുകുന്ദന്റെ ഗരുഡന്റെ 114610 ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. കളക്ഷനിലും കുതിക്കുന്ന ഗരുഡന്റേതായി വിറ്റ ടിക്കറ്റുകളുടെ ഇന്നലത്തെ കണക്കുകള്‍ പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. ഗാംഗ്‍സ് ഓഫ് ഗോദാവരിയുടെ 46610 ടിക്കറ്റുകളും ഇന്നലെ വിറ്റഴിച്ചു എന്ന കണക്കുകളാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ ബുക്ക് മൈ ഷോയുടേതായി പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 43220 ടിക്കറ്റുകളും മമ്മൂട്ടിയുടെ ടര്‍ബോ ആകെ 42850 ടിക്കറ്റുകളും ആണ് രാജ്യമൊട്ടാകെ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്.
ഗരുഡൻ ഇന്ത്യയില്‍ നിന്ന് നാല് കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.
കോമഡി വേഷങ്ങളില്‍ തിളങ്ങിയ തമിഴ് താരം സൂരി അടുത്തിടെയാണ് അന്നാട്ടിലെ നായക നിരയിലേക്ക് ഉയര്‍ന്നതിനാല്‍ ആരാധകര്‍ക്കും പ്രതീക്ഷയുള്ളതാണ് ഗരുഡൻ. സൂരി നായകനായി വെട്രിമാരന്റെ സംവിധാനത്തിലുള്ള ചിത്രം വിടുതലൈ ഒന്ന് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയതിനാല്‍ പുതിയ പ്രൊജക്റ്റ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുള്ളതാണ്. വിടുതലൈ രണ്ടും ഇനി വരാനിരിക്കുന്നു. ശശികുമാറാകട്ടെ വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് എന്ന ഒരു റിപ്പോര്‍ട്ടുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക