പണംവാരിക്കൂട്ടി 'ലിയോ', എന്നാലും കേരളത്തിൽ ഒന്നാമൻ ആ ചിത്രം; പക്ഷേ ട്വിസ്റ്റ് ഉടൻ..!
ലിസ്റ്റിലുള്ള രണ്ട് ചിത്രങ്ങള്‍ ലോകേഷ് കനകരാജിന്‍റേത് ആണെന്നത് ശ്രദ്ധേയമാണ്.
ഒരു പുതിയ ചിത്രം വിജയിച്ചു എന്ന് പറയണമെങ്കിൽ ബോക്സ് ഓഫീസും കൂടി മികച്ചതാകണം. എന്നാൽ മാത്രമെ ആ ചിത്രം സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെഗാ ബ്ലോക് ബസ്റ്റർ എന്നൊക്കെ പറയാൻ സാധിക്കൂ. അത്തരത്തിൽ സൂപ്പർ ഹിറ്റും കഴിഞ്ഞ് മുന്നേറുന്നൊരു ചിത്രമുണ്ട് തമിഴിൽ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' ആണ് ആ ചിത്രം. പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം ഇതിനോടകം 461 കോടിയോളം നേടി കഴിഞ്ഞു. അതും വെറും ഒരാഴ്ച കൊണ്ട്. ഇത്തരത്തിൽ ലിയോ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്നതിനിടെ കേരള ബോക്സ് ഓഫീസിൽ മുന്നിലുള്ള തമിഴ് ചിത്രങ്ങളുടെ വിവരങ്ങൾ പുറത്തുവരികയാണ്.
ഇതുവരെയുള്ള കണക്ക് പ്രകാരം മൂന്നാം സ്ഥാനത്ത് ഉള്ളത് കമൽഹാസൻ നായകനായി എത്തിയ വിക്രം ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്നും ആകെ നേടിയത് 40.20 കോടി ആണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
രണ്ടാം സ്ഥാനത്ത് വിജയ് നായകനായി എത്തിയ ലിയോ ആണ്. 47.20 കോടിയാണ് ഇതുവരെ കേരളത്തിൽ നിന്നും ലിയോ നേടിയിരിക്കുന്നത്. അതും വെറും ഏഴ് ദിവസത്തിൽ. ഒന്നാം സ്ഥാനത്ത് നിലവിൽ ഉള്ളത് ജയിലർ ആണ്. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം 57.70കോടിയാണ് ആകെ സംസ്ഥാനത്ത് നിന്നും നേടിയത്.
'ആ 30മിനിറ്റ് കാണാതെ പോകരുത്, ലിയോ വെറും സിനിമയല്ല..': പ്രശംസിച്ച് പ്രശാന്ത് നീല്‍
വെറും ഏഴ് ദിവസത്തിൽ 47 കോടി നേടിയെങ്കിൽ ഈ മാസം കഴിയും മുൻപ് തന്നെ ലിയോ ജയിലറിനെ മറികടക്കും എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ നിന്നും മികച്ച കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ലിയോ എത്തും. പിന്നീട് വരുന്ന എല്ലാ സിനിമകളും വിജയിയുടെ സിനിമയോട് ആകും ബോക്സ് ഓഫീസിൽ മത്സരിക്കുക എന്ന് ഉറപ്പ്. ഒക്ടോബർ 19ന് ആയിരുന്നു ലിയോയുടെ റിലീസ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..