സല്‍മാന്‍ ഖാന് കേരളത്തില്‍ ആരാധകരുണ്ടോ? 'ടൈഗര്‍ 3' ഒരാഴ്ച കൊണ്ട് ഇവിടെനിന്ന് നേടിയത്
ദീപാവലി റിലീസ് ആയി നവംബര്‍ 12 ന് എത്തിയ ചിത്രം
ബോളിവുഡില്‍ നിന്നുള്ള വലിയ പ്രേക്ഷകശ്രദ്ധയും താരപ്പകിട്ടുമുള്ള ചിത്രങ്ങള്‍ക്ക് കേരളത്തിലും എക്കാലവും പ്രേക്ഷകര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് ആകെ ഹിന്ദി ചിത്രങ്ങളുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. എന്നാല്‍ ഇതരഭാഷാ ചിത്രങ്ങള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്ന പാന്‍ ഇന്ത്യന്‍ കാലത്ത് ഹിന്ദി ചിത്രങ്ങളുടെ കേരളത്തിലെ കളക്ഷനിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതിന് ഉദാഹരണമായിരുന്നു ഷാരൂഖ് ഖാന്‍റെ പഠാന്‍. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. പഠാന് ശേഷം വൈആര്‍എഫ് സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ടൈഗര്‍ പക്ഷേ കേരളത്തില്‍ സ്വീകരിക്കപ്പെട്ടോ? ബോക്സ് ഓഫീസ് കണക്കുകള്‍ പരിശോധിക്കാം.
ദീപാവലി റിലീസ് ആയി നവംബര്‍ 12 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഞായറാഴ്ച റിലീസ് എന്നത് കൗതുകകരമായിരുന്നു. ഷാരൂഖ് ഖാന് ഉള്ള ആരാധക പിന്തുണ ഇല്ലെങ്കിലും ചിത്രത്തിന് ആദ്യദിനം കേരളത്തില്‍ ലഭിച്ച പ്രതികരണം ബുക്കിംഗും കളക്ഷനും മികച്ചതായിരുന്നു. ആദ്യദിനം ചിത്രം 1.1 കോടി കേരളത്തില്‍ നിന്ന് ഗ്രോസ് നേടി എന്നത് ബോക്സ് ഓഫീസ് ട്രാക്കര്‍മാരെ അമ്പരപ്പിച്ചിരുന്നു. ജവാനും പഠാനും കഴിഞ്ഞാല്‍ ചരിത്രത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ടൈഗര്‍ 3. എന്നാല്‍ ആ നേട്ടത്തിന് തുടര്‍ച്ച ഉണ്ടായില്ല.
ആദ്യദിനം 1.1 കോടി നേടിയ ചിത്രത്തിന്‍റെ രണ്ടാം ദിനത്തിലെ കളക്ഷന്‍ 40 ലക്ഷത്തിലേക്ക് ചുരുങ്ങിയിരുന്നു. തുടര്‍ ദിനങ്ങളില്‍ കളക്ഷനില്‍ വലിയ ഇടിവാണ് വീണ്ടും രേഖപ്പെടുത്തിയത്. ഇപ്പോഴിതാ ചിത്രം ആദ്യ വാരം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍റെ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ആദ്യ ഏഴ് ദിനങ്ങള്‍ കൊണ്ട് ചിത്രത്തിന് 2.3 കോടി മാത്രമേ ഇവിടെനിന്ന് നേടാന്‍ സാധിച്ചിട്ടുള്ളൂ. പുതിയ മലയാള ചിത്രങ്ങളും എത്തിയിട്ടുള്ളതിനാല്‍ ടൈഗര്‍ 3 കേരളത്തില്‍ നിന്ന് ഇനി അധികം നേടാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക