ധനുഷിന്‍റെ കുടുംബ നായകനെ സ്വീകരിച്ച് പ്രേക്ഷകര്‍; വന്‍ ഹിറ്റിലേക്ക് 'തിരുച്ചിദ്രമ്പലം'
ഓഗസ്റ്റ് 18 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്
ഒരു വര്‍ഷത്തിനിപ്പുറമാണ് ഒരു ധനുഷ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്‍ത കര്‍ണനു ശേഷം ധനുഷ് അഭിനയിച്ച നാല് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയിരുന്നു. പക്ഷേ അവയൊക്കെ ഒടിടി റിലീസുകള്‍ ആയിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്‍റെ ജഗമേ തന്തിരം, ആനന്ദ് എല്‍ റായ്‍യുടെ ബോളിവുഡ് ചിത്രം അത്‍രംഗി രേ, കാര്‍ത്തിക് നരേന്‍റെ മാരന്‍, റൂസോ ബ്രദേഴ്സിന്റെ നെറ്റ്ഫ്ലിക്സ് ചിത്രം ദ് ഗ്രേ മാന്‍ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം തിയറ്ററുകളിലെത്തിയ ധനുഷ് ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. മിത്രന്‍ ആര്‍ ജവഹറിന്‍റെ സംവിധാനത്തില്‍ ധനുഷ് നായകനായ തിരുച്ചിദ്രമ്പലമാണ് ആ ചിത്രം.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നകലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ വിതരണം റെഡ് ജയന്‍റ് മൂവീസ് ആയിരുന്നു. ഓഗസ്റ്റ് 18 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. വിശേഷിച്ചും തമിഴ്നാട്ടില്‍ നിന്ന്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് നാല് ദിവസത്തെ ഓപണിംഗ് വീക്കെന്‍ഡ് ആണ് ലഭിച്ചത്. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ഈ നാല് ദിനങ്ങളില്‍ നിന്ന് തമിഴ്നാട്ടില്‍ നിന്നു മാത്രം ചിത്രം നേടിയത് 31 കോടി ആയിരുന്നു. ഇന്ത്യയില്‍ നിന്ന് 35.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 14.65 കോടിയും. അങ്ങനെ ആദ്യ വാരാന്ത്യത്തില്‍ തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം.
ഒരു വാരം പിന്നിടുമ്പോള്‍ തമിഴ്നാട്ടില്‍ നിന്നു മാത്രം ചിത്രം 50 കോടി ക്ലബ്ബിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍റെ കണക്ക് പ്രകാരം 47.72 കോടിയാണ് ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഇതുവരെ നേടിയത്. മ്യൂസിക്കല്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. റാഷി ഖന്ന, നിത്യ മേനന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഭാരതിരാജ, പ്രകാശ് രാജ്, മുനീഷ്കാന്ത്, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഓം പ്രകാശ് ആണ് ഛായാഗ്രഹണം. പ്രസന്ന ജി കെ ആണ് എഡിറ്റിംഗ്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം.
ALSO READ : 'പ്രേമം' എഫക്റ്റ്; തമിഴ്നാട് വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുക നേടി ഗോള്‍ഡ്