The Kashmir Files : വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡിട്ട് 'കശ്‍മീര്‍ ഫയല്‍സ്'; ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത്
സര്‍പ്രൈസ് ഹിറ്റുകളുടെ നിരയിലേക്ക് ചിത്രം
ബോളിവുഡിലെ പുതിയ ട്രെന്‍ഡ് സെറ്റര്‍ ആവുകയാണ് ഒരു ചെറിയ ചിത്രം. ബജറ്റും കാന്‍വാസുമൊക്കെ ബോളിവുഡിന്‍റെ അളവുകോലുകള്‍ പരിശോധിച്ചാല്‍ ചെറുതെങ്കിലും പറയുന്ന വിഷയത്തിന്‍റെ വിവിധ മാനങ്ങള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടുകയാണ് ഈ ചിത്രം. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലെത്തിയ ദ് കശ്‍മീര്‍ ഫയല്‍സ് (The Kashmir Files) എന്ന ചിത്രമാണ് ബോക്സ് ഓഫീസിലെ പ്രകടനത്തില്‍ ട്രേഡ് അനലിസ്റ്റുകളെപ്പോലും അമ്പരപ്പിച്ച് മുന്നോട്ടുപോകുന്നത്. 630 സ്ക്രീനുകളില്‍ മാത്രമാണ് വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ നേടിയ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ചയായ ഇന്നലെ ചിത്രത്തിന്‍റെ പ്രദര്‍ശനം. ഇപ്പോഴിതാ ചിത്രം ഞായറാഴ്ച നേടിയ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.
ആദ്യ രണ്ട് ദിനങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മൂന്നാം ദിനത്തില്‍ ചിത്രം നേടിയിരിക്കുന്നത്. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷന്‍. അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാല്‍ 300 ശതമാനത്തിലേറെ വളര്‍ച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും. കൊവിഡിനു ശേഷമുള്ള സിനിമാമേഖലയുടെ രീതികള്‍ പരിശോധിച്ചാല്‍ റെക്കോര്‍ഡ് കളക്ഷനാണ് ഇത്. പ്രത്യേകിച്ചും സൂപ്പര്‍താര സാന്നിധ്യമൊന്നുമില്ലാത്ത ഒരു ചെറുചിത്രം എന്നത് പരിഗണിക്കുമ്പോള്‍. സമീപദിനങ്ങളിലും ചിത്രം മികച്ച പ്രകടനം നടത്തുമെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തല്‍. ചിത്രം 100 കോടി, 200 കോടി ക്ലബ്ബുകളിലേക്ക് പ്രവേശിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
കശ്മീരിൽ കലാപം അതിരൂക്ഷമായി മാറിയ 1990-ൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. അന്നത്തെ സാഹചര്യങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് വ്യക്തമാക്കിയ ശേഷം വർത്തമാന കാലത്തേക്ക് കഥയെത്തുന്നു. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന രംഗത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം ഒരു ശവക്കുഴിയിലാണ് അവസാനിക്കുന്നത്. അതിനിടയിലുള്ള മണിക്കൂറുകൾ പ്രേക്ഷകരുടെ മനസിനെ സിനിമ സംഘർഷഭരിതമാക്കിയെന്നും പ്രതികരണങ്ങളുണ്ട്.