The Kashmir Files : ബോക്സ് ഓഫീസിൽ റെക്കോര്‍ഡിട്ട് 'ദി കാശ്മീര്‍ ഫയല്‍സ്'; ചിത്രം 200 കോടി ക്ലബ്ബില്‍

വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റികളുടെ കഥ പറയുന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

The Kashmir Files movie crossed  200 crore mark

മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ബോളിവുഡ് ചിത്രം ദ കശ്‍മീര്‍ ഫയല്‍സ് (The Kashmir Files). വിവേക് അ​ഗ്നിഹോത്രിയാണ് സംവിധാനം. കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തിന്, പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിനിടയിലും ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 

ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചുവെന്ന് ട്രെഡ് അനലിസ്റ്റായ തരൺ ആദർശ് ട്വീറ്റ് ചെയ്തു.  മാര്‍ച്ച് 11ന് റിലീസ് ചെയ്ത  ചിത്രം 18ന് ആയപ്പോൾ തന്നെ 100 കോടി പിന്നിട്ടിരുന്നു. കോവിഡിന് ശേഷം വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണിത്. അതേസമയം,  ചിത്രത്തിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്.

ചിത്രത്തിനെതിരെ ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വിവേക് അ​ഗ്നിഹോത്രിയും എത്തിയിരുന്നു.സിനിമ നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും സംവിധായകൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ചിലർ കശ്മീര്‍ ഉപയോഗിച്ച് പല വ്യാപാരങ്ങളും നടത്തുകയാണ്. അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായതിനാലാകാം വിവാദങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നതെന്നും വിവേക് പറഞ്ഞു. തീവ്രവാദം ഒരു സമൂഹത്തില്‍ പ്രവേശിക്കുകയും അതിന് പ്രത്യയശാസ്ത്രപരമായ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ അത് ദുരന്തത്തിലേക്ക് നയിക്കുമെന്ന് കാണിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

1990-കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. 

Read Also: Aamir Khan : 'ദ കശ്‍മിര്‍ ഫയല്‍സി'നെ പ്രശംസിച്ച ആമിര്‍ ഖാനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ

വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റികളുടെ കഥ പറയുന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വിവേക് അഗ്നിഹോത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. സി ആര്‍ പി എഫ് അകമ്പടിയോടെയുള്ള സുരക്ഷ സംഘം ഇന്ത്യയില്‍ ഉടനീളം വിവേകിനൊപ്പം ഉണ്ടാകും. 

Latest Videos
Follow Us:
Download App:
  • android
  • ios