The Kashmir Files : എട്ടാം ദിനത്തിലെ കളക്ഷനില്‍ 'ദം​ഗലി'നെ മറികടന്ന് 'കശ്‍മീര്‍ ഫയല്‍സ്'; ഇതുവരെ നേടിയത്

630 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇപ്പോള്‍ 4000ല്‍ ഏറെ സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്

the kashmir files box office day 8 surpassed dangal aamir khan baahubai 2

ഉള്ളടക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുമ്പോഴും ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കുതിപ്പുമായി  ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സ് (The Kashmir Files). ഈ മാസം 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ നേടിയ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു.   2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയി വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. എട്ടാം ദിന കളക്ഷന്‍റെ കാര്യത്തിലാണ് അത്.

ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ, ആമിര്‍ ഖാന്‍ നായകനായ ദംഗലിനെ (Dangal) എട്ടാം ദിന കളക്ഷനില്‍ മറികടന്നിരിക്കുകയാണ് ചിത്രം. ദംഗലിന്‍റെ എട്ടാംദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്‍മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയിരിക്കുന്നത് 19.15 കോടിയാണ്. ഇത് ബാഹുബലി 2ന്‍റെ എട്ടാം ദിന കളക്ഷന്‍റെ അടുത്ത് നില്‍ക്കുന്ന സംഖ്യയുമാണ്. 19.75 കോടി ആയിരുന്നു ബാഹുബലി 2ന്‍റെ എട്ടാം ദിന കളക്ഷന്‍.

സമീപദിനങ്ങളിലും ചിത്രം മികച്ച പ്രകടനം നടത്തുമെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തല്‍. ചിത്രം 100 കോടി, 200 കോടി ക്ലബ്ബുകളിലേക്ക് പ്രവേശിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കശ്‍മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കുന്ന ചിത്രമാണ് ഇത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 

ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. "ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്‍തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്. സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു". വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അതേസമയം ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്ന ഒന്നാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്‍ന്‍, നടി സ്വര ഭാസ്കര്‍ തുടങ്ങി ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവരും നിരവധിയാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios