'മാസ്റ്ററി'നെ മറികടന്നോ 'ഡോക്ടര്‍'? ശിവകാര്‍ത്തികേയന്‍ ചിത്രം തമിഴ്നാട്ടില്‍ നിന്ന് റിലീസ് ദിനം നേടിയത്

'മെഡിക്കല്‍ ക്രൈം ത്രില്ലര്‍' എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ച ചിത്രം പതിവിനു വിപരീതമായി ശനിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്

tamil nadu first day box office collection of sivakarthikeyan starring doctor

സിനിമാപ്രേമികളെ സംബന്ധിച്ച് തിയറ്ററില്‍ (Theater) പോയി സിനിമ കാണുകയെന്ന ശീലം നഷ്‍ടപ്പെട്ട ഇടവേളയായിരുന്നു ഒരു വര്‍ഷത്തിലേറെ നീണ്ട കൊവിഡ് (Covid 19) കാലം. അതിനിടെ രാജ്യത്തെ ഒടിടി (OTT) സബ്സ്ക്രൈബര്‍മാരുടെ എണ്ണം പലമടങ്ങ് വര്‍ധിക്കുകയും ചെയ്‍തു. റിലീസ് (Release) മുടങ്ങിയ എണ്ണമറ്റ ചിത്രങ്ങളാണ് വിവിധ ഭാഷകളായി പുതിയ റിലീസ് തീയതി കാത്തിരിക്കുന്നത്. അതേസമയം കാണികള്‍ തിയറ്ററുകളിലേക്ക് തിരിച്ചെത്തുമോ എന്ന ആശങ്ക സിനിമാ മേഖലയ്ക്കുണ്ട്. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകള്‍ക്ക് 'മാസ്റ്റര്‍' (Master) നല്‍കിയതുപോലെ ഒരു ഉണര്‍വ്വ് പകരാനാവുന്ന ചിത്രങ്ങളെയാണ് ഓരോ ചലച്ചിത്ര വ്യവസായവും നിലവില്‍ പ്രതീക്ഷിക്കുന്നത്. തമിഴില്‍ ഇപ്പോഴിതാ അത്തരമൊരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ശിവകാര്‍ത്തികേയനെ (Sivakarthikeyan) നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ (Nelson Dilipkumar) സംവിധാനം ചെയ്‍ത 'ഡോക്ടര്‍' ആണ് ആ ചിത്രം.

'മെഡിക്കല്‍ ക്രൈം ത്രില്ലര്‍' എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ച ചിത്രം പതിവിനു വിപരീതമായി ശനിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. പ്രീ-റിലീസ് പബ്ലിസിറ്റിയില്‍ മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്ന ചിത്രത്തിന് തിയറ്ററുകളില്‍ അതിലും മികച്ച പ്രതികരണമാണ് ആദ്യ ഷോ മുതല്‍ ലഭിച്ചത്. ആദ്യ ഷോകളുടെ ഇന്‍റര്‍വെല്‍ സമയത്തുതന്നെ ട്വിറ്ററില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചുതുടങ്ങിയിരുന്നു ചിത്രത്തിന്. ഉച്ചയോടെ വന്‍ മൗത്ത് പബ്ലിസിറ്റിയിലേക്ക് അതെത്തി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഓപണിംഗ് കളക്ഷനില്‍ 'മാസ്റ്ററി'നു പിന്നില്‍ എത്തിയേക്കും ചിത്രമെന്ന് ചില ട്രേഡ് അനലിസ്റ്റുകളൊക്കെ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാസ്റ്റര്‍ മാത്രമല്ല, ധനുഷ് ചിത്രം കര്‍ണ്ണനും റിലീസ്‍ദിന കളക്ഷനില്‍ ഡോക്ടറിനേക്കാള്‍ മുകളിലാണ്. ചിത്രം 6.40 കോടി മുതല്‍ 8 കോടി വരെ തമിഴ്‍നാട്ടില്‍ നിന്നു മാത്രം നേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. മാസ്റ്റര്‍ 25.40 കോടിയും കര്‍ണ്ണന്‍ 10.40 കോടിയുമായിരുന്നു ഇതേസ്ഥാനത്ത് നേടിയത്. എന്നാല്‍ കാര്‍ത്തി ചിത്രം സുല്‍ത്താനേക്കാള്‍ വലിയ ഓപണിംഗുമാണ് ഇത്. 4.90 കോടിയായിരുന്നു സുല്‍ത്താന്‍റെ ആദ്യദിന തമിഴ്നാട് ബോക്സ് ഓഫീസ്.

അതേസമയം റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുഎസില്‍ വ്യാഴാഴ്ച രാത്രിയിലെ പെയ്‍ഡ് പ്രിവ്യൂസ് അടക്കമുള്ള ഓപണിംഗ് കണക്ഷന്‍ 1.30 ലക്ഷം ഡോളര്‍ (97.6 ലക്ഷം രൂപ) ആണ്. ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ ഇന്നലെ സിംഗപ്പൂരില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്നലെ ഡോക്ടര്‍. മലേഷ്യയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കര്‍ണ്ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 'വരുണ്‍ ഡോക്ടര്‍' എന്ന പേരിലാണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ കളക്ഷന്‍ കണക്കുകള്‍ ലഭ്യമായിട്ടില്ല. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് ചിത്രത്തിന്‍റെ മിക്കവാറും എല്ലാ ഷോകളും ഹൗസ്‍ഫുള്‍ ആണ്. പൂജ അവധി ദിനങ്ങളിലേക്കും തിയറ്ററുകളിലെ ഈ തിരക്ക് തുടരുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു ഇത്. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ്. 'കോലമാവ് കോകില' ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം. വിജയ്‍യുടെ പുതിയ ചിത്രം 'ബീസ്റ്റ്' സംവിധാനം ചെയ്യുന്നതും ഇദ്ദേഹമാണ് എന്നതിനാല്‍ വിജയ് ആരാധകരും ചിത്രത്തിന് വലിയ പ്രചരണം നല്‍കുന്നുണ്ട്. അതേസമയം കേരളത്തിലെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാന്‍ ഇനിയും കാത്തിരിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios