'പാപ്പന്റെ' ജൈത്രയാത്ര തുടരുന്നു, സുരേഷ് ഗോപി ചിത്രം 50 കോടി ക്ലബ്ബില്‍
സുരേഷ് ഗോപി നായകനായ ചിത്രം 50 കോടി ക്ലബ്ബില്‍.
സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'പാപ്പൻ'. ജോഷി സംവിധാനം ചെയ്‍ത ചിത്രം വൻ വിജയമാണ് നേടിയത്. ചിത്രം റിലീസ് ചെയ്‍ത് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിടുകയാണ്. സുരേഷ് ഗോപിയുടെ 'പാപ്പൻ' ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയിലധികം നേടിയെന്ന വാര്‍ത്തയും പുറത്തുവരികയാണ്.
പാപ്പൻ റിലീസ് ചെയ്‍ത് 18 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മൊത്തം ബിസിനസിന്റെ കാര്യത്തില്‍ 50 കോടിയിലെത്തിയിരുന്നു. തിയറ്റര്‍ കളക്ഷന് പുറമേ , ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റതും ചേര്‍ത്തായിരുന്നു ഈ കണക്ക്. കേരളത്തില്‍ 250 ഓളം തീയറ്ററുകളിലായിരുന്ന ചിത്രം റിലീസ് ചെയ്‍തത്. രണ്ടാമത്തെ ആഴ്‍ച കേരളത്തിന് പുറത്തും റിലീസ് ചെയ്‍തപ്പോള്‍ 600 സ്‍ക്രീനുകളായിരുന്നു.
സുരേഷ് ഗോപിയും മകൻ ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'പാപ്പൻ'. 'സലാം കാശ്‍മീരി'ന് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് 'പാപ്പൻ'. 'എബ്രഹാം മാത്യു മാത്തന്‍' എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പേര്.
ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രന്റെ മകളായ 'വിന്‍സി' ആയി നീത പിള്ള അഭിനയിച്ചത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Read More : ഇത് നിമിഷ തന്നെയോ?, ഓണം ഫോട്ടോഷൂട്ട് കണ്ട് ആരാധകർക്ക് കൗതുകം