Sooryavanshi | 100 കോടി ക്ലബ്ബില്‍ 15-ാം തവണ! 'സൂര്യവന്‍ശി'യിലൂടെ റെക്കോര്‍ഡിട്ട് അക്ഷയ് കുമാര്‍
ബോളിവുഡില്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെയെത്തിച്ച് അക്ഷയ് കുമാര്‍
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് വിവിധ ഭാഷാ സിനിമകളില്‍ നിന്നും ഹിറ്റുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തമിഴിലെ ആദ്യ വിജയം ശിവകാര്‍ത്തികേയന്‍റെ 'ഡോക്ടര്‍' ആയിരുന്നുവെങ്കില്‍ ബോളിവുഡില്‍ അത് അക്ഷയ് കുമാറിന്‍റെ (Akshay Kumar) ആക്ഷന്‍ ത്രില്ലര്‍ 'സൂര്യവന്‍ശി'യാണ് (Sooryavanshi). ഈ മാസം അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 26.29 കോടിയായിരുന്നു. ഇപ്പോഴിതാ 150 കോടിയോട് അടുക്കുകയാണ് അക്ഷയ് കുമാര്‍ ചിത്രം.
ദീപാവലി വാരാന്ത്യത്തില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റിലീസ് ദിനമായ വ്യാഴാഴ്ച 26.29 കോടി നേടിയിരുന്ന ചിത്രം ശനിയാഴ്ച 23.85 കോടിയും ഞായറാഴ്ച 26.94 കോടിയും നേടി. ഒന്‍പതാം ദിനവും രണ്ടാംശനിയാഴ്ചയുമായിരുന്ന ഇന്നലെ ചിത്രം നേടിയത് 9.50 കോടിയാണ്. ഇതോടെ ചിത്രത്തിന്‍റെ ആകെ കളക്ഷന്‍ 136.99 കോടിയില്‍ എത്തിയെന്ന് കൊയ്‍മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാറിനെ സംബന്ധിച്ച് ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 100 കോടി ക്ലബ്ബിലെത്തുന്ന അക്ഷയ് കുമാറിന്‍റെ 15-ാം ചിത്രമാണിത്. സമകാലിക ബോളിവുഡിനെ സംബന്ധിച്ച് 100 കോടി കളക്ഷന്‍ ഒരു സംഭവമല്ലെങ്കിലും കൊവിഡാനന്തര നിയന്ത്രണങ്ങളില്‍ ഒരു നേട്ടം തന്നെയാണ്.
രോഹിത്ത് ഷെട്ടി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ നഗരത്തില്‍ സംഭവിക്കാനിടയുള്ള ഒരു ഭീകരാക്രമണത്തെ തടയുക എന്നതാണ് നായക കഥാപാത്രത്തിനു മുന്നിലുള്ള മിഷന്‍. രോഹിത്ത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളെ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും സൂര്യവന്‍ശിയില്‍ ആവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും സ്ക്രീനിലെത്തുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി തുടങ്ങി മറ്റു താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. 2020 മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു.