തമിഴ്നാട്ടില്‍ 50 കോടി ക്ലബ്ബിലേക്ക് 'ഡോക്ടര്‍'; തിയറ്റര്‍ തുറന്നതിനു ശേഷമുള്ള ആദ്യ വിജയം
ഈ മാസം 9ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വിജയ് ചിത്രം മാസ്റ്ററിനും ധനുഷിന്‍റെ കര്‍ണ്ണനും ശേഷം ഏറ്റവും വലിയ ഇനിഷ്യല്‍ നേടിയ ചിത്രമായിരുന്നു
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് (Theatre Opening) പ്രേക്ഷകരെ തിരിച്ചെത്തിക്കുക എന്നത് ഏതൊരു ചലച്ചിത്ര വ്യവസായവും നേരിടുന്ന പ്രതിസന്ധിയാണ്. ഒന്നര വര്‍ഷത്തിലേറെയായി തിയറ്ററില്‍ പോയി സിനിമ കാണുന്ന ശീലം കാണികള്‍ക്ക് നഷ്‍ടപ്പെട്ടതാണ് കാരണം. പകരം ഒടിടി എന്ന ശീലം സിനിമാപ്രേമികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്‍തു. തിയറ്റര്‍ തുറന്നാല്‍ പഴയ പ്രേക്ഷകര്‍ വീണ്ടും സിനിമ കാണാന്‍ അവിടേയ്ക്ക് എത്തുമോ? തമിഴ്, തെലുങ്ക് സിനിമാ മേഖലകളില്‍ നിന്നും ഇക്കാര്യത്തില്‍ ശുഭവാര്‍ത്തകളാണ് കേള്‍ക്കുന്നത്. തമിഴ്നാട്ടില്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നത് ശിവകാര്‍ത്തികേയന്‍ (Sivakarthikeyan) നായകനായ 'ഡോക്ടര്‍' (Doctor) എന്ന ചിത്രമാണ്.
ഈ മാസം 9ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വിജയ് ചിത്രം മാസ്റ്ററിനും ധനുഷിന്‍റെ കര്‍ണ്ണനും ശേഷം ഏറ്റവും വലിയ ഇനിഷ്യല്‍ നേടിയ ചിത്രമായിരുന്നു. 6.50 കോടിയിലേറെയാണ് ചിത്രം തമിഴ്നാട്ടില്‍ നിന്നു മാത്രം റിലീസ് ദിനത്തില്‍ നേടിയിരുന്നത്. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചിത്രം. 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു എന്നതാണ് അത്. 10 ദിവസം കൊണ്ടാണ് ഈ നേട്ടം. കാണികള്‍ക്ക് 50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള പ്രദര്‍ശനത്തില്‍ വലിയ നേട്ടമാണ് ഇത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു ഇത്. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ്. 'കോലമാവ് കോകില' ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം. വിജയ്‍യുടെ പുതിയ ചിത്രം 'ബീസ്റ്റ്' സംവിധാനം ചെയ്യുന്നതും ഇദ്ദേഹമാണ്. തിയറ്ററുകള്‍ തുറക്കുന്ന ഈ മാസം 25നു തന്നെ കേരളത്തിലും ചിത്രം പ്രദര്‍ശനം ആരംഭിക്കും.