ഇത് ഒന്നൊന്നര വരവ്, ബോളിവുഡിനെ തിരിച്ചുപിടിക്കാൻ ഷാരൂഖ്; 'പഠാൻ' കളക്ഷൻ വിലയിരുത്തലുകൾ
കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നാണ് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം പറയുന്നത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ 'പഠാൻ' കഴിഞ്ഞ ദിവസം ആണ് തിയറ്ററുകളിൽ എത്തിയത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് വൻവരവേൽപ്പാണ് ലോകമെങ്ങുമുള്ള പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.
പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 100 കോടിയിലധികം രൂപയാണ് പഠാൻ ആദ്യദിനം നേടിയതെന്നാണ് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മാത്രം 67 കോടിയും ലോകമെമ്പാടുമായി 100 കോടി നേടിയെന്നും വിലയിരുത്തലുകൾ ഉണ്ട്.
എന്നാൽ, മൊത്തം 52 കോടിയലിധികം ആദ്യ ദിനം കളക്ഷൻ ആണ് ചിത്രം നേടിയതെന്നും റിപ്പബ്ലിക് ദിന അവധിയായതിനാൽ ഇന്നത്തെ കളക്ഷനും കൂട്ടി ചിത്രം 100 കോടി പിന്നിടുമെന്നാണ് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നത്. പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് പിങ്ക് വില്ലയും റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, അഡ്വാന്‍സ് ബുക്കിങ്ങിലും പഠാന്‍ കുതിപ്പ് നടത്തിയിരുന്നു. 5.21 ലക്ഷം ആദ്യദിന ബുക്കിങ്ങുകളുമായി കെജിഎഫ് 2 വിനെ മറികടന്ന് ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ മുന്നിലുള്ള രണ്ടാമത്തെ ചിത്രമായി പഠാന്‍ മാറി. 6.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റ ബാഹുബലി 2 ആണ് ഒന്നാമതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
'ഭീഷ്മപർവ'ത്തിന് ശേഷം സൗബിനും ശ്രീനാഥ് ഭാസിയും; 'മഞ്ഞുമ്മൽ ബോയ്സ്' വരുന്നു