കളക്ഷനില്‍ മൂന്നിലൊന്ന് കുറവുമായി തിങ്കളാഴ്ച; ബോക്സ് ഓഫീസില്‍ കൂപ്പുകുത്തി അക്ഷയ് കുമാറിന്‍റെ 'പൃഥ്വിരാജ്'

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

samrat prithviraj four day box office akshay kumar taran adarsh

ബോളിവുഡ് സമീപ വര്‍ഷങ്ങളിലായി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തിവരുന്ന താരമാണ് അക്ഷയ് കുമാര്‍ (Akshay Kumar). ഏറ്റവുമധികം 200 കോടി ക്ലബ്ബുകളില്‍ അംഗമായ ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ. എന്നാല്‍ കൊവിഡാനന്തരം അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ക്കും മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് സാധിക്കുന്നില്ല. ബെല്‍ബോട്ടവും ബച്ചന്‍ പാണ്ഡേയുമൊക്കെ പ്രതീക്ഷയുമായി വന്ന് ബോക്സ് ഓഫീസില്‍ വീണപ്പോള്‍ വിജയിച്ചത് സൂര്യവന്‍ശി മാത്രമായിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജും കളക്ഷന്‍ കണക്കുകളുടെ കാര്യത്തില്‍ ബോളിവുഡിന് നിരാശയാണ് സമ്മാനിക്കുന്നത്.

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്ന് നേടിയത് 44.40 കോടിയാണ്. ഒരു അക്ഷയ് കുമാര്‍ ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വിപരീതമാണ് ഇത്. റിലീസ് ദിനമായ വെള്ളിയാഴ്ച 10.70 കോടി നേടിയ ചിത്രം ശനിയാഴ്ച 12.60 കോടിയും ഞായറാഴ്ച 16.10 കോടിയും നേടിയിരുന്നു. എന്നാല്‍ ആദ്യ തിങ്കളാഴ്ചയായിരുന്ന ഇന്നലെ ഒറ്റ അക്കത്തിലേക്കാണ് കളക്ഷന്‍ കടന്നത്. വെറും 5 കോടി രൂപ മാത്രമാണ് ചിത്രം ഇന്നലെ നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്. 

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍. മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം. 

ALSO READ : വിക്രത്തിന്‍റെ വിജയം; ലോകേഷിന് ആഡംബര കാര്‍ സമ്മാനിച്ച് കമല്‍ ഹാസന്‍

Latest Videos
Follow Us:
Download App:
  • android
  • ios