RRR Box Office : ബോളിവുഡിനെ ബഹുദൂരം പിന്നിലാക്കി ആര്‍ആര്‍ആര്‍; ആദ്യ ആഴ്ച നേടിയ ആഗോള കളക്ഷന്‍

മാര്‍ച്ച് 25ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത്

rrr first week worldwide box office collection ss rajamouli ram charan jr ntr

ബോളിവുഡിനേക്കാള്‍ വലിയ ചലച്ചിത്ര വ്യവസായമാണ് ഇന്ന് ടോളിവുഡ് എന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് ഈയിടെ പറഞ്ഞിരുന്നു. ഐഎഫ്എഫ്കെ വേദിയിലായിരുന്നു അനുരാഗിന്‍റെ പരാമര്‍ശം. സമീപകാല സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനം പരിശോധിച്ചാല്‍ ഈ നിരീക്ഷണം ശരിയാണെന്ന് മനസിലാവും. അല്ലു അര്‍ജുന്‍ നായകനായ പുഷ്‍പയുടെ ഹിന്ദി പതിപ്പ് സമീപകാലത്ത് മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു. ഇപ്പോഴിതാ ആഗോള കളക്ഷനില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും (RRR) ചരിത്രം രചിക്കുകയാണ്.

മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് 710 കോടിയാണ്! ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും. കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷനാണ് ഇത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രമെടുത്ത് പരിശോധിച്ചാലും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ തെലുങ്ക് ചിത്രങ്ങളുടെ പതിപ്പുകള്‍ നേടുന്ന ജനപ്രീതി അറിയാനാവും. ആര്‍ആര്‍ആറിന്‍റെ ഹിന്ദി പതിപ്പ് ആദ്യ വാരം നേടിയ കളക്ഷന്‍ 132.59 കോടിയാണ്. ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളായിരുന്ന സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായി കത്തിയവാഡി എന്നിവയേക്കാളൊക്കെ മുകളിലാണ് ഈ ആദ്യ വാര കളക്ഷന്‍.

തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്! ഹിന്ദി പതിപ്പ് ആയിരുന്നു ആദ്യദിന കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ആദ്യവാരം ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ലോകമാകെ 10,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം. 

Latest Videos
Follow Us:
Download App:
  • android
  • ios