The Batman box office : 'സ്‍പൈഡര്‍മാനോ' 'ബാറ്റ്‍മാനോ'? ഇതാ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്
'ദ ബാറ്റ്‍മാൻ' ചിത്രം ഇന്ത്യൻ തിയറ്ററുകളില്‍ നിന്ന് നേടിയ കളക്ഷൻ (The Batman box office).
അമേരിക്കൻ സൂപ്പര്‍ഹീറോ ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയത് ' ദ ബാറ്റ്‍മാനാണ്'. റോബര്‍ട്ട് പാറ്റിൻസണാണ് ചിത്രത്തില്‍ നായകനായി എത്തിയത്. മാറ്റ് റീവ്‍സ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രകടനമാണ് ചിത്രം ഇന്ത്യയിലടക്കമുള്ള തിയറ്ററുകളില്‍ നടത്തിയിരിക്കുന്നത് (The Batman box office).
ഇന്ത്യയില്‍ നിന്ന് ചിത്രം ഏകദേശം ആറ് കോടിയോളം രൂപയാണ് ആദ്യ ദിവസം നേടിയത്. 40 കോടി രൂപയിലധികം ചിത്രം ആഗോള വിപണിയില്‍ നിന്ന് നേടിയിട്ടുണ്ട്. ഇങ്ങനെയാണെങ്കിലും 'സ്‍പൈഡര്‍മാൻ' ചിത്രത്തിന് ഭീഷണിയാകാൻ ബാറ്റ്‍മാന് കഴിഞ്ഞിട്ടില്ല. ടോം ഹോളണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം 32.67 കോടി രൂപയും ആഗോള വിപണിയില്‍ നിന്ന് മുന്നൂറ്റിമുപ്പത് കോടി രൂപയിലധികവും തുടക്കത്തില്‍ സ്വന്തമാക്കിയിരുന്നു.
Read More : അമിതാഭ് ബച്ചൻ ചിത്രം 'ജുണ്ഡ്', ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്
'ഗോഥം' നഗരത്തിലെ അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനൊപ്പം 'റിഡ്‍ലര്‍' എന്ന പേരില്‍ അറിയപ്പെടുന്ന പരമ്പര കൊലപാതകിക്ക് എതിരാളിയാവേണ്ട മിഷനുമുണ്ടായിരുന്നു പുതിയ ചിത്രത്തില്‍ 'ബാറ്റ്മാന്'. ഡിസി ഫിലിംസാണ് 'ബാറ്റ്‍മാൻ' ചിത്രത്തിന്റെ നിര്‍മാണം. സിക്സ്ത്ത് ആന്‍ഡ് ഇഡാഹോ, ഡൈലന്‍ ക്ലാര്‍ക്ക് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളും 'ദ ബാറ്റ്‍മാന്റെ' നിര്‍മാണത്തില്‍ ഒപ്പമുണ്ട്. വാര്‍ണര്‍ ബ്രദേഴ്‍സാണ് ചിത്രത്തിന്റെ വിതരണം.
മാറ്റ് റീവ്‍സ് ആണ് ചിത്രത്തിന്റെ സഹരചയിതാവും. മാറ്റ് റീവ്‍സിനൊപ്പം പീറ്റര്‍ ക്രെയ്‍ഗും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീഗ് ഫേസറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. 'ദ ബാറ്റ്മാൻ' എന്ന ചിത്രത്തില്‍ 'കാറ്റ്‍വുമണ്‍' ആയി അഭിനയിച്ചത് സോ ക്രാവിറ്റ്‍സാണ്.
ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച തിയറ്റര്‍ കൗണ്ട് ആയിരുന്നു മാര്‍വെലിന്‍റെ 'സ്‍പൈഡര്‍മാന്‍: നോ വേ ഹോ'മിന്. ഇംഗ്ലീഷിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലായി 3264 സ്‍ക്രീനുകള്‍. 'അവഞ്ചേഴ്‍സ്: എന്‍ഡ്‍ഗെയി'മിലേക്കാള്‍ വലിയ സ്‍ക്രീന്‍ കൗണ്ട് ആണിത്. ഇന്ത്യയില്‍ 2845 സ്‍ക്രീനുകളിലായിരുന്നു 'എന്‍ഡ്‍ഗെയിം' എത്തിയത്. എന്നാല്‍ തിയറ്ററുകളുടെ എണ്ണം കൂടുതലെങ്കിലും കൊവിഡ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് മഹാരാഷ്‍ട്രയും കേരളവും ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകളില്‍ പ്രവേശനമുള്ളപ്പോഴാണ് 'സ്‍പൈഡര്‍മാന്‍' എത്തിയത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തുമ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നതിനും മുകളിലായിരുന്നു. 'ദ ബാറ്റ്‍മാൻ' ചിത്രം എത്തിയപ്പോഴും പലയിടങ്ങളിലും തിയറ്ററുകളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.
ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളിലും തിയറ്റര്‍ വ്യവസായത്തെ 'സ്‍പൈഡര്‍മാന്‍ അമ്പരപ്പിച്ചിരുന്നു. 'എന്‍ഡ്‍ഗെയിം' കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രീ-ബുക്കിംഗ് ലഭിച്ച ചിത്രമാണ് സ്പൈഡര്‍മാന്‍. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ ചിത്രത്തിന്‍റെ അഞ്ച് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ മാത്രം ഒറ്റ ദിവസം കൊണ്ട് 1.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 'ബാറ്റ്‍മാനും' മികച്ച ബുക്കിംഗ് ലഭിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം വെച്ച് നോക്കിയാല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സ്‍പൈഡര്‍മാനെ മറികടക്കാനാവില്ല എന്നു പറയേണ്ടിയും വരും.