ആടിന് മുന്നിൽ വീണ് പുലി; എതിരാളികളെ ഭയക്കാതെ 'ആടുജീവിതം', മുന്നിലുള്ളത് രണ്ട് സിനിമകൾ മാത്രം !
മാർച്ച് 28ന് റിലീസ് ചെയ്ത സിനിമയാണ് ആടുജീവിതം.
മലയാള സിനിമയെ സംബന്ധിച്ച് ഇത് സുവർണ കാലഘട്ടം ആണ്. പുതുവർഷം പിറന്ന് വെറും മൂന്നര മാസത്തിനുള്ളിൽ മോളിവുഡ് കളക്ട് ചെയ്തത് 700കോടിയിലേറെ ബിസിനസ് ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തിയത്. അങ്ങനെ എങ്കിൽ ഇനി വരാനിരിക്കുന്ന സിനിമകളെ വച്ച് നോക്കുമ്പോൾ 1000 കോടി ബിസിനസ് ഒരുപക്ഷേ മോളിവുഡ് തൊട്ടേക്കും. ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള എക്കാലത്തെയും ഏറ്റവും ഉയർന്ന മോളിവുഡ് ഗ്രോസറുകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
നിലവിൽ ലിസ്റ്റിൽ ഉണ്ടായിരുന്ന മോഹൻലാൽ സിനിമകളെ പിന്നിലാക്കിയാണ് പുതിയ സിനിമകളുടെ മുന്നേറ്റം എന്നത് ഏറെ ശ്രദ്ധേയമാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം എന്ന സിനിമ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ ബ്ലോക് ബസ്റ്റർ ചിത്രം പുലിമുരുകനെ വീഴ്ത്തിയാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 140 കോടിയാണ് പുലിമുരുകന്റെ ക്ലോസിംഗ് കളക്ഷനെന്നും ഇതിനെക്കാൾ കൂടുതൽ പൃഥ്വിരാജ് ചിത്രം നേടിയെന്നും ട്രാക്കന്മാർ പറയുന്നു.
ഇനി ആടുജീവിതത്തിന് മുന്നിലുള്ളത് രണ്ട് സിനിമകളാണ്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും 2018ഉം. 176 കോടിയാണ് 2018ന്റെ ആഗോള കളക്ഷൻ. ഇത് ആടുജീവിതം മറികടക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. മഞ്ഞുമ്മൽ ബോയ്സ് 250കോടിയിലേക്ക് കുതിക്കുകയാണെന്നാണ് വിലയിരുത്തൽ. മഞ്ഞുമ്മൽ ബോയ്സ്, 2018, ആടുജീവിതം, പുലിമുരുകൻ, ലൂസിഫർ, പ്രേമലു എന്നിങ്ങനെയാണ് നിലവിൽ ആഗോള ബോക്സ് ഓഫീസിൽ മുന്നിലുള്ള മലയാള സിനിമകളുടെ ലിസ്റ്റ്.
സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി 'ലിങ്കൻ'; ബിജുമേനോൻ- സുരാജ് ചിത്രം 'നടന്ന സംഭവം'സോംഗ്
മാർച്ച് 28ന് റിലീസ് ചെയ്ത സിനിമയാണ് ആടുജീവിതം. മലയാളികൾ ഒന്നടങ്കം വായിച്ച് ഹൃദ്യസ്ഥമാക്കിയ ബെന്യാമിന്റെ ആടുജീവിതം സിനിമയിൽ പകർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. എന്നാൽ ആ പരീക്ഷണം ഏറ്റെടുത്ത സംവിധായകൻ ബ്ലെസി അതിൽ മികവുറ്റ വിജയം നേടുകയും ചെയ്തു. അതേസമയം, ആടുജീവിതം വൈകാതെ 150 കോടി തൊടുമെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..