ഓണം കഴിഞ്ഞുള്ള തിങ്കളാഴ്ചയും ബോക്സ് ഓഫീസില്‍ നിവര്‍ന്നുനിന്ന് ആര്‍ഡിഎക്സ്; 11 ദിവസത്തെ കളക്ഷന്‍

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് നിര്‍മ്മാണം

rdx malayalam movie 11 day kerala box office collection after onam 2023 shane nigam antony varghese neeraj madhav nsn

ഒരു ചിത്രത്തിന്‍റെ യഥാര്‍ഥ ജനപ്രീതി അളക്കുന്നതിനുള്ള സ്കെയിലുകളിലൊന്നാണ് തിങ്കളാഴ്ചകളില്‍ അതിന് ലഭിക്കുന്ന കളക്ഷന്‍. കുടുംബപ്രേക്ഷകരടക്കം ഏറ്റവുമധികം എത്തുന്ന വാരാന്ത്യ ദിനങ്ങള്‍ക്ക് തൊട്ടുപിന്നാലെ എത്തുന്ന പ്രവര്‍ത്തിദിവസം ആയതിനാല്‍ സിനിമകള്‍ക്ക് ഏറ്റവും കുറവ് കളക്ഷന്‍ ലഭിക്കുന്ന ദിവസവും തിങ്കളാഴ്ച തന്നെ. തിങ്കളാഴ്ച ലഭിക്കുന്ന കളക്ഷനില്‍ എത്രത്തോളം ഇടിവ് സംഭവിച്ചുവെന്ന് മനസിലാക്കിയാല്‍ ഒരു ചിത്രം നേടിയ ജനപ്രീതിയുടെ അളവ് ഏകദേശം വ്യക്തമാവും. മലയാളത്തില്‍ ഓണം റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ആര്‍ഡിഎക്സ് റിലീസിന് ശേഷമുള്ള രണ്ടാമത്തെ തിങ്കളാഴ്ചയിലും ബോക്സ് ഓഫീസില്‍ കാര്യമായ പരിക്കേല്‍ക്കാതെ നിലകൊണ്ടു.

ഓണം റിലീസ് ആയി ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ രണ്ടാമത്തെ തിങ്കളാഴ്ചയായിരുന്നു ഇന്നലെ. ഓണാവധി കഴിഞ്ഞ് സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ തുറന്ന ദിവസമായിരുന്നു ഇന്നലെ. എന്നിട്ടും കളക്ഷനില്‍ ആര്‍ഡിഎക്സിന് വലിയ ഇടിവ് ഉണ്ടായില്ല. ചിത്രം 2 കോടിക്ക് അടുത്ത് കളക്ഷന്‍ നാലാം തീയതി സ്വന്തമാക്കിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. രണ്ടാം വാരത്തിലെത്തിയ ഒരു മലയാള ചിത്രത്തിന്‍റെ മണ്‍ഡേ കളക്ഷന്‍ എന്നത് പരിഗണിക്കുമ്പോള്‍ മികച്ച സംഖ്യയാണ് ഇത്. 

ഇതോടെ കേരള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 36 കോടിയോളം രൂപയാണ്. ആഗോള ബോക്സ് ഓഫീസില്‍ 60 കോടിക്ക് മുകളില്‍ ചിത്രം നേടിയതായും ട്രാക്കര്‍മാര്‍ അറിയിക്കുന്നു. റോബര്‍ട്ട്, ഡോണി, സോവ്യര്‍ എന്നീ നായക കഥാപാത്രങ്ങളുടെ പേരിന്‍റെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്സ് എന്ന ടൈറ്റില്‍ ആയി എത്തിയിരിക്കുന്നത്. റോബര്‍ട്ടിനെ ഷെയ്ന്‍ നിഗവും ഡോണിയെ ആന്‍റണി വര്‍ഗീസും സേവ്യറിനെ നീരജ് മാധവും അവതരിപ്പിച്ചിരിക്കുന്നു. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ മലയാളം ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ആര്‍ഡിഎക്സ്.

ALSO READ : മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബേസിലിനെ നായകനാക്കാന്‍ ജീത്തു; ബോളിവുഡ് ചിത്രത്തിന് മുന്‍പ് ഷൂട്ടിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios