പരാജയത്തുടര്‍ച്ച ഒഴിവാക്കുമോ അക്ഷയ് കുമാര്‍? 'രാം സേതു' ആദ്യദിനം നേടിയത്

ആമസോണ്‍ പ്രൈം വീഡിയോയുടെ ആദ്യ ബോളിവു‍ഡ് പ്രൊഡക്ഷന്‍

ram setu first day box office collection akshay kumar amazon prime video

തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഭാഷാതീതമായി ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ ആസ്വദിക്കുന്ന ട്രെന്‍ഡിന് തുടക്കമിട്ടത് എസ് എസ് രാജമൗലിയുടെ ബാഹുബലിയായിരുന്നു. പിന്നീടിങ്ങോട്ട് ഏറ്റവുമൊടുവില്‍ കന്നഡ ചിത്രം കാന്താരാ വരെ ആ ട്രെന്‍ഡ് തുടരുന്നു. വൈവിധ്യം പകര്‍ന്ന ഈ ദൃശ്യാനുഭവങ്ങളില്‍ ഏറ്റവുമധികം ഉലച്ചില്‍ തട്ടിയത് ഹിന്ദി സിനിമാലോകത്തിന് ആയിരുന്നു. കൊവിഡ് കാലത്ത് ദീര്‍​ഘകാലം അടച്ചിട്ട തിയറ്ററുകളിലേക്ക് സത്യം പറഞ്ഞാല്‍ ഹിന്ദി സിനിമാപ്രേമികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ബോളിവുഡ് നിര്‍മ്മാതാക്കള്‍ മിനിമം ​ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന താരം അക്ഷയ് കുമാറിനു പോലും പഴയ നിലയിലുള്ള വിജയങ്ങള്‍ ലഭിക്കുന്നില്ല. അതിനാല്‍ത്തന്നെ ദീപാവലി റിലീസ് ആയി എത്തിയ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം രാം സേതുവിന്‍റെ ഓപണിം​ഗ് ബോക്സ് ഓഫീസ് എത്രയായിരിക്കുമെന്നത് ഹിന്ദി സിനിമാലോകത്തിന്‍റെ വലിയ കൗതുകം ആയിരുന്നു. ഇപ്പോഴിതാ ആ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ലഭിച്ചതെങ്കിലും കളക്ഷനെ അത് അത്രകണ്ട് ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ചിത്രം ആദ്യദിനം നേടിയിരിക്കുന്നത് 15.25 കോടിയാണ്. ചൊവ്വാഴ്ചയായിരുന്നു റിലീസ് എന്നതിനാല്‍ ഒരു എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ചിത്രത്തെ കാത്തിരിക്കുന്നുണ്ട്. ബുധന്‍, വ്യാഴം ദിനങ്ങളിലെ കളക്ഷന്‍ ചിത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെ റിലീസ് ദിനത്തിനു ശേഷം സോഷ്യല്‍ മീഡിയയിലും മറ്റുമെത്തുന്ന പ്രക്ഷകാഭിപ്രായങ്ങളും.

ALSO READ : 'സര്‍ദാര്‍' വൻ ഹിറ്റ്, കാര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം വരും

ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്. ഡോ. ആര്യര്‍ കുല്‍ശ്രേഷ്ത എന്ന ആര്‍ക്കിയോളജിസ്റ്റിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുടെ ആദ്യ ബോളിവു‍ഡ് പ്രൊഡക്ഷന്‍ എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഇത്. 

Latest Videos
Follow Us:
Download App:
  • android
  • ios