ഗംഭീര ഓപ്പണിംഗ്; യുഎസിൽ 'വാരിസി'നെ പിന്നിലാക്കി 'ജയിലർ', ചരിത്രം കുറിക്കാൻ രജനികാന്ത്
2023ലെ വലിയ ഓപ്പണിംഗ് ആണ് ജയിലർ നേടാൻ പോകുന്നത് എന്നാണ് വിലയിരുത്തല്‍.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന രജനികാന്ത് ചിത്രം. അതുതന്നെയാണ് ജയിലർ പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകരെ ആകർഷിച്ച ഘടകം. പിന്നാലെ എത്തിയ ഓരോ അപ്ഡേറ്റുകളും ഓരോ സിനിമാസ്വാദകരെയും ജയിലറിലേക്ക് കൂടുതൽ ആകർഷിച്ചു. പക്കാ മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രം എന്ന് ഏവരും വിധി എഴുതി. ഒടുവിൽ ഇന്ന് സിനിമ തിയറ്ററുകളിൽ എത്തിയപ്പോൾ ആവേശം അലതല്ലി. തലൈവരുടെ വിളയാട്ടം പ്രശംസനീയമായി. കാമിയോ റോളിൽ എത്തിയ മോഹൻലാലും കസറിയ ചിത്രത്തിന്റെ യുഎസ്എ ബോക്സ് ഓഫീസ് കളക്ഷനുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയുടെ റിപ്പോർട്ട് പ്രകാരം, വിജയ് ചിത്രം 'വാരിസി'നെ 'ജയിലർ' പിന്നിലാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീമിയറുകൾക്കും ആദ്യദിനത്തിന്റെ ഏതാനും മണിക്കൂറുകൾക്കും ശേഷമുള്ള കളക്ഷൻ വിവരമാണ് ഇതെന്ന് രമേഷ് ബാല പറയുന്നു. വാരിസ് 1,141,590 ഡോളർ നേടിയപ്പോൾ, ജയിലർ 1,158,000 ഡോളറാണ് ആദ്യദിനം നേടിയിരിക്കുന്നത്. അതേസമയം, നോർത്ത് അമേരിക്കയിൽ തുനിവിനെയും ജയിലർ മറികടന്നുവെന്നാണ് വിവരം. 2023ലെ നമ്പർ വണ്‍ തമിഴ് സിനിമ 'പൊന്നിയൻ സെൽവൻ ടു' ആണ്. അഞ്ച് മില്യൺ ആണ് ചിത്രത്തിന്റെ കളക്ഷൻ.
2023ലെ വലിയ ഓപ്പണിംഗ് ആണ് ജയിലർ നേടാൻ പോകുന്നത് എന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. വാരിസ്, തുനിവ്, പൊന്നിയിൻ സെൽവൻ 2 എന്നിവയെ ചിത്രം മറികടക്കും എന്നും ഇദ്ദേഹം പറയുന്നു. എന്തായാലും വിലയിരുത്തലുകൾ ശരിയാണോ ഇല്ലയോ എന്ന കാര്യം നാളെ രാവിലെയോടെ അറിയാൻ സാധിക്കും.
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ജയിലര്‍. തമന്ന, ശിവരാജ് കുമാര്‍, രമ്യ കൃഷ്ണ, വിനായകന്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, കിഷോര്‍, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, ആനന്ദ്, ശരവണൻ, ഉദയ് മഹേഷ്, നാഗ ബാബു മിര്‍ണ രവി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് '; ആരോപണത്തിന് മറുപടിയുമായി ധർമജൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..