'കാന്താര'യെ വാനോളം പുകഴ്ത്തി രജനികാന്തും, മറുപടിയുമായി ഋഷഭ് ഷെട്ടി

'കാന്താര' ഇന്ത്യൻ സിനിമയിലെ മാസ്റ്റര്‍ പീസെന്ന് രജനികാന്ത്.

Rajinikanth lauds Rishab Shettys Kantara

കന്നഡയില്‍ നിന്നെത്തിയ ചിത്രം 'കാന്താര' രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച് പ്രദര്‍ശനം തുടരുകയാണ്. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ കന്നഡ ചിത്രം 'കാന്താര' മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം കാന്താരയെ പ്രശംസിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ രജനികാന്തും ചിത്രത്തെ വാനോളം പുകഴ്‍ത്തിയിരിക്കുകയാണ്.

'കാന്താര' കണ്ട് തനിക്ക് രോമാഞ്ചമുണ്ടായിയെന്നാണ് രജനികാന്ത് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. ഋഷഭ് ഷെട്ടിയെ രജനികാന്ത് പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്‍തു. സ്വപ്‍നം സഫലമായതുപോലെയാണെന്നും ഗ്രാമീണ കഥകള്‍ ചെയ്യാൻ തനിക്ക് പ്രചോദനമായത് രജനികാന്ത് ആണെന്നും റിഷഭ് ഷെട്ടി മറുപടി നല്‍കി. അരവിന്ദ് എസ് കശ്യപ് ഛായാഗ്രാഹണം ചെയ്ത ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ധരണിയാണ്.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു.

'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത  നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

Read More: 'സര്‍ദാര്‍' വൻ ഹിറ്റ്, കാര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം വരും

Latest Videos
Follow Us:
Download App:
  • android
  • ios