450 കോടിയിലും അവസാനിക്കാത്ത പടയോട്ടം; 'പൊന്നിയിന്‍ സെല്‍വന്‍' ഒരു മാസം കൊണ്ട് നേടിയത്
ആമസോണ്‍ പ്രൈം വീഡിയോ 'മൂവി റെന്‍റല്‍സി'ല്‍ ഇന്നലെ ചിത്രം അവതരിപ്പിച്ചു
റിലീസ് ചെയ്‍ത് ഓപണിംഗ് കളക്ഷന്‍ കണ്ടപ്പോഴേ ട്രേഡ് അനലിസ്റ്റുകളില്‍ പലരും പ്രവചിച്ചിരുന്നതാണ് പൊന്നിയിന്‍ സെല്‍വന്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ബോക്സ് ഓഫീസ് നേട്ടം. വെള്ളിത്തിരയില്‍ മുന്‍പും ദൃശ്യ വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മണി രത്നം തന്‍റെ സ്വപ്ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ചിത്രം, തമിഴ് ജനത അഭിമാനപൂര്‍വ്വം കാണുന്ന, കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്‍റെ ചലച്ചിത്രാഖ്യാനം, ഒപ്പം ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ അടക്കമുള്ള വന്‍ താരനിര.. ഇങ്ങനെ കാരണങ്ങള്‍ പലതുകൊണ്ടും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു പി എസ് 1. റിലീസിനു ശേഷം ആ ഹൈപ്പിനൊപ്പം എത്താന്‍ കഴിഞ്ഞതോടെ ബോക്സ് ഓഫീസില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ചിത്രത്തിന്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 450 കോടി നേടിയതായി ഒക്ടോബര്‍ 19 ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ അവിടെയും അവസാനിച്ചിട്ടില്ല ചിത്രത്തിന്‍റെ നേട്ടം.
ഒരു മാസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 482 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് 318 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 164 കോടിയുമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ നിന്നു മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. 215 കോടിയാണ് ആകെ നേട്ടം. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 23 കോടി, കര്‍ണാടകത്തില്‍ നിന്ന് 27 കോടി, കേരളത്തില്‍ നിന്ന് 24 കോടി, ഉത്തരേന്ത്യയില്‍ നിന്ന് 29 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ നേട്ടം.
ALSO READ : 9 വര്‍ഷത്തിനു ശേഷം ബോക്സ് ഓഫീസില്‍ അജിത്ത്, വിജയ് മത്സരം; 'വരിശും' 'തുനിവും' ഒരേ ദിവസം
അതേസമയം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോ മൂവി റെന്‍റല്‍സില്‍ ഇന്നലെ ചിത്രം അവതരിപ്പിച്ചു. 129 രൂപ നല്‍കി ചിത്രം ഇപ്പോള്‍ കാണാം. നവംബര്‍ 4 മുതല്‍ പ്രൈം വീഡിയോയുടെ എല്ലാ സബ്സ്ക്രൈബേഴ്സിനും ചിത്രം അധികതുക നല്‍കാതെ കാണാനാവും.