ബോക്സ് ഓഫീസിലെ 'മണ്‍ഡേ ടെസ്റ്റ്' രണ്ടാമതും മറികടന്ന് 'പാപ്പന്‍'; കേരളത്തില്‍ നിന്ന് നേടിയത്
ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം
വൈഡ് റിലീസിംഗിന്‍റെ ഇക്കാലത്ത് ചലച്ചിത്ര വ്യവസായം ഉറ്റുനോക്കുന്ന ആദ്യ സംഖ്യ ഒരു സിനിമ ആദ്യ വാരാന്ത്യത്തില്‍ നേടുന്ന കളക്ഷന്‍ ആണ്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യവും ഇനി വ്യാഴാഴ്ചയാണ് റിലീസ് എങ്കില്‍ നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡുമാണ് ലഭിക്കുക. ഭേദപ്പെട്ട അഭിപ്രായം നേടുന്ന ചിത്രമെങ്കില്‍ ബോക്സ് ഓഫീസില്‍ അടിത്തറ ഉണ്ടാക്കേണ്ട ദിനങ്ങളാണ് ഇവ. പിന്നാലെ ഒരു ചിത്രം ബോക്സ് ഓഫീസില്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയാണ്. വാരാന്ത്യത്തിനു ശേഷമുള്ള ആദ്യ ദിവസം ആയതിനാല്‍ ഒരു റിലീസ് ചിത്രത്തിന് ഏറ്റവും കളക്ഷന്‍ കുറയുന്ന ദിവസം ഈ തിങ്കളാഴ്ചയാവും. ഇപ്പോഴിതാ റിലീസിംഗിനു ശേഷമുള്ള രണ്ടാം തിങ്കളാഴ്ചയും ഭേദപ്പെട്ട കളക്ഷന്‍ നേടിയിരിക്കുകയാണ് ഒരു ചിത്രം. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്‍ത ചിത്രം പാപ്പന്‍ ആണ് ബോക്സ് ഓഫീസിലെ മികവ് തുടരുന്നത്.
ജൂലൈ 29ന് റിലീസ് ചെയ്യപ്പെട്ട പാപ്പന്‍റെ തിയറ്ററുകളിലെ 11-ാം ദിനം ആയിരുന്നു ഈ തിങ്കളാഴ്ച (ഇന്നലെ). കേരള ബോക്സ് ഓഫീസില്‍ നിന്നു മാത്രം ചിത്രം ഈ ദിവസം നേടിയത് 60 ലക്ഷം ആണെന്നാണ് ഔദ്യോഗികമായി പുറത്തെത്തിയ കണക്ക്. അതേസമയം കേരളം ഒഴികെയുള്ള സ്വദേശ, വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം ഒരു വാരം പിന്നിട്ടപ്പോഴാണ് റിലീസ് ചെയ്‍തത്. കേരളത്തില്‍ നിന്നു ലഭിച്ച പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി തുണയായതോടെ അവിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പത്ത് ദിനങ്ങളിലെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 31.43 കോടിയാണ്.
ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.