ബോക്സ് ഓഫീസില്‍ റിവേഴ്സ് ഗിയര്‍ ഇടാതെ അക്ഷയ് കുമാര്‍; 'ഒഎംജി 2' ഇതുവരെ നേടിയത്
ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം
ഒരുകാലത്ത് ഖാന്‍ ത്രയത്തേക്കാള്‍ വിജയ ശരാശരിയുള്ള താരമായിരുന്നു അക്ഷയ് കുമാര്‍. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളും അദ്ദേഹത്തിന്‍റെ പേരിലാണ്. നിര്‍മ്മാതാക്കള്‍ ഏറ്റവും മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന നായകന്‍റെ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. മുന്‍പത്തെ രീതിയിലുള്ള വജിയ വിജയങ്ങള്‍ കൊവിഡ് കാലത്തിന് ശേഷം അദ്ദേഹത്തിന് ആവര്‍ത്തിക്കാനായിട്ടില്ല. ഏറ്റവുമൊടുവില്‍ പുറത്തെത്തിയ സെല്‍ഫി എന്ന ചിത്രവും പരാജയമായിരുന്നു. അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്.
അമിത് റായ് സംവിധാനം ചെയ്തിരിക്കുന്ന ഒഎംജി 2 (ഓ മൈ ഗോഡ് 2) ആണ് ആ ചിത്രം. ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം 2012 ല്‍ പുറത്തെത്തിയ ഒഎംജി- ഓ മൈ ഗോഡിന്‍റെ സീക്വല്‍ ആണ്. ഗൌരവമുള്ള വിഷയം സംസാരിക്കുന്ന ചിത്രത്തിന് ഒപ്പമെത്തിയ സണ്ണി ഡിയോളിന്‍റെ മാസ് ചിത്രം ഗദര്‍ 2 ന്‍റെ തള്ളിക്കയറ്റമൊന്നുമില്ല. എന്നാല്‍ പരാജയമല്ലതാനും.
റിലീസ് ദിനമായ വെള്ളിയാഴ്ച 10.26 കോടി നേടിയ ചിത്രം മുന്നോട്ടുള്ള രണ്ട് ദിവസങ്ങളിലും കളക്ഷന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച 15.30 കോടിയും ഞായറാഴ്ച 17.55 കോടിയും. അങ്ങനെ 43.11 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് ബോക്സ് ഓഫീസ് സംഖ്യയാണ് ഇത്. ഇന്നത്തെ ദിവസത്തെ തിയറ്റര്‍ പ്രതികരണം ചിത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയിലെ പ്രതികരണത്തില്‍ നിന്ന് അടുത്ത ഒരു വാരത്തിലെ കളക്ഷന്‍ സംബന്ധിച്ച് സൂചന ലഭിക്കും. വിജയിക്കണമെങ്കില്‍ ലോംഗ് റണ്‍ വേണ്ട ചിത്രമാണിത്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 150 കോടിയാണ് ബജറ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം