തിയേറ്ററുകള്‍ നിറച്ച് മമ്മൂട്ടിയുടെ 'റോഷാക്ക്', റിലീസ് ദിവസം നേടിയതിന്റെ കണക്കുകള്‍ പുറത്ത്
മമ്മൂട്ടി നായകനായ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
പേര് സൃഷ്‍ടിച്ച കൗതുകവും പ്രമോഷണല്‍ മെറ്റീരിയലുകളിലെ നിഗൂഢതയും 'റോഷാക്കി'ന്റെ കാഴ്‍ചയ്‍ക്കായി കാത്തിരിപ്പുണ്ടാക്കിയിരുന്നു. ഒടുവില്‍ 'റോഷാക്ക്' എത്തിയപ്പോള്‍ വരവ് ഗംഭീരമായെന്നുമാണ് തിയറ്റര്‍ പ്രതികരണങ്ങള്‍. 'ലൂക്ക'യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുകെ പൗരനായ 'ലൂക്ക ആന്റണി'യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്‍ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആദ്യ ദിനം തന്നെ 'റോഷാക്കി'ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനം 'റോഷാക്ക്' 5.5 കോടിയിലധികം കളക്റ്റ് ചെയ്‍തുവെന്നാണ് ബോക്സ് ഓഫീസ് ഡാറ്റ അനലിസ്റ്റുകളായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ സഞ്‍ജു ശിവ്‍റാം, ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷയാണ്.
ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, പിആർഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്. കേരളത്തില്‍ 219 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.