സണ്‍ഡേ ബോക്സ് ഓഫീസില്‍ തിളങ്ങി 'മാളികപ്പുറം'; രാജ്യത്ത് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്

രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചിട്ടുമുണ്ട് ചിത്രം

malikappuram on number 3 in sunday box office unni mukundan avatar 2 ved

ഡിസംബര്‍ അവസാനമാണ് പ്രദര്‍ശനത്തിന് എത്തിയതെങ്കിലും 2022 ലെ ഹിറ്റുകളുടെ കണക്ക് എടുക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം അതില്‍ ഉണ്ടാവും. ചിത്രം രണ്ടാം വാരത്തില്‍ മുന്നോട്ടു പോകുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അങ്ങനെയാണ്. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ന്. കളക്ഷനില്‍ കുതിപ്പാണ് ചിത്രം ഇന്ന് നേടിയിരിക്കുന്നത്. പുറത്തെത്തുന്ന ചില കണക്കുകള്‍ പ്രകാരം സണ്‍ഡേ ബോക്സ് ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് ഈ മലയാള ചിത്രം.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത് ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ്. രണ്ടാം സ്ഥാനത്ത് മറാഠി ചിത്രം വേദ്, മൂന്നാം സ്ഥാനത്ത് തെലുങ്ക് ചിത്രം ധമാക്ക എന്നിങ്ങനെ. നാലാം സ്ഥാനത്ത് മലയാള ചിത്രം മാളികപ്പുറവും അഞ്ചാം സ്ഥാനത്ത് നവംബര്‍ 18 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 2 ഉം ആണ്. സിനിട്രാക്കിന് ടാക്ക് ചെയ്യാന്‍ സാധിച്ച തിയറ്ററുകളിലെ മാത്രം ബോക്സ് ഓഫീസ് കണക്കുകള്‍ ഇനി പറയുംവിധമാണ്. അവതാര്‍ 2- 8.85 കോടി, വേദ്- 4.94 കോടി, ധമാക്ക- 1.68 കോടി, മാളികപ്പുറം- 1.19 കോടി, ദൃശ്യം 2- 84.24 കോടി. ചിത്രങ്ങള്‍ ഓടുന്ന എല്ലാ തിയറ്ററുകളും ട്രാക്ക് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലും മുകളിലായിരിക്കും.

ALSO READ : എന്‍ഡ്‍ഗെയിമിനെയും മറികടന്ന് ഇന്ത്യയില്‍ അവതാര്‍ 2; രാജ്യത്ത് എക്കാലത്തെയും കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം

അതേസമയം രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചിട്ടുമുണ്ട് മാളികപ്പുറം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 30 സ്ക്രീനുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട് ചിത്രം. ഇപ്പോള്‍ കേരളത്തില്‍ ആകെ 170 സ്ക്രീനുകള്‍. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios