ഒറിജിനല്‍ ഹിന്ദി ചിത്രത്തെയും പിന്നിലാക്കി ഹിന്ദി ബെല്‍റ്റില്‍ വിജയ്! 'ലിയോ' ഉത്തരേന്ത്യയില്‍ നിന്ന് നേടിയത്
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ലിയോ നേടിയത്
പാന്‍ ഇന്ത്യന്‍ സിനിമകളുടെ കാലത്ത് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഉത്തരേന്ത്യയില്‍ മികച്ച വിജയം നേടുന്നുണ്ട്. എന്നാല്‍ അതില്‍ കൂടുതലും തെലുങ്ക് ചിത്രങ്ങളാണ്. ബാഹുബലി ഫ്രാഞ്ചൈസിയില്‍ നിന്ന് തുടങ്ങിയ ട്രെന്‍ഡ് പുഷ്പയിലേക്കും കന്നഡത്തില്‍ നിന്നുള്ള കെജിഎഫിലേക്കുമൊക്കെ നീണ്ടു. എന്നാല്‍ തമിഴ് ചിത്രങ്ങളുടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റ് പൊതുവെ ശുഷ്കമാണ്. അതേസമയം ഷാരൂഖ് ഖാന്‍റെയും മറ്റും ഹിന്ദി ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ നന്നായി ഓടാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഏറ്റവും പുതിയ വിജയ് ചിത്രം ലിയോ ഹിന്ദി ബെല്‍റ്റില്‍ തെറ്റില്ലാത്ത ഓപണിംഗ് നേടിയിരിക്കുകയാണ്.
ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 5 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുപിറ്റേദിവസം റിലീസ് ചെയ്യപ്പെട്ട ഹിന്ദി ചിത്രം ഗണപത് നേടിയതിനേക്കാള്‍ മികച്ച ഓപണിംഗ് ആണിത് എന്നതാണ് ശ്രദ്ധേയം. വികാസ് ബാലിന്‍റെ സംവിധാനത്തില്‍ ടൈഗര്‍ ഷ്രോഫ് നായകനായ ഗണപത് ആദ്യദിനം നേടിയത് 2.5 കോടി മാത്രമാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കേരളത്തില്‍ റെക്കോര്‍ഡ് ഓപണിംഗ് ആണ് ലിയോ നേടിയത്. 12 കോടിയാണ് ലിയോയുടെ ആദ്യദിന കേരള കളക്ഷന്‍. കെജിഎഫിന്‍റെ 7.3 കോടി എന്ന ഓപണിംഗ് ആണ് ലിയോ ബഹുദൂരം പിന്നിലാക്കിയത്.
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ലിയോ നേടിയത്. 148.5 കോടി എന്നതാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ അറിയിച്ചിരിക്കുന്ന തുക. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ മികച്ച വാരാന്ത്യവുമാണ് ചിത്രത്തെ കാത്തിരിക്കുന്നത്. വ്യാഴാഴ്ച എത്തിയ ചിത്രത്തിന് പൂജ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസം നീളുന്ന എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ലഭിക്കുക എന്നത് വലിയ സാധ്യതയാണ് ലിയോയ്ക്ക് ബോക്സ് ഓഫീസില്‍ ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക