കേരളത്തിലെ നമ്പര്‍ 1 ഓപണിംഗ് ഇനി 'റോക്കി ഭായ്‍'യുടെ പേരില്‍; ഒടിയനെയും ബീസ്റ്റിനെയും മറികടന്നു
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത്
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ബോളിവുഡിനെ നിഷ്പ്രഭമാക്കി തെന്നിന്ത്യന്‍ സിനിമ കുതിക്കുന്ന കാഴ്ചയാണ് സമീപകാലത്ത് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. അതിന് തുടര്‍ച്ചയാവുകയാണ് വന്‍ പ്രീ- റിലീസ് ഹൈപ്പ് ലഭിച്ചിരുന്ന കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2). മൂന്നര വര്‍ഷം മുന്‍പ് എത്തിയ കെജിഎഫ് ചാപ്റ്റര്‍ 1 ആണ് മുഖ്യധാരാ കന്നഡ സിനിമയ്ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് റീച്ച് നേടിക്കൊടുത്തത്. ഇപ്പോഴിതാ ആ നേട്ടം വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം. വലിയ ഹൈപ്പുമായെത്തുന്ന രണ്ടാം ഭാഗങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നത് ഏത് ഇന്‍ഡസ്ട്രിയിലും അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയാണ് കെജിഎഫ് ചാപ്റ്റര്‍ 2 സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലും ഒരു സവിശേഷ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷന്‍ സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2 എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിരീക്ഷണം.
മോഹന്‍ലാല്‍ നായകനായ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍റെ പേരിലായിരുന്നു ഇത്ര കാലവും കേരളത്തിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുള്ള റെക്കോര്‍ഡ്. അതാണ് യഷ് ചിത്രം സ്വന്തം പേരില്‍ ആക്കിയിരിക്കുന്നത്. ചിത്രം നേടിയ കേരള ഓപണിംഗ് ഗ്രോസിനെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. എന്നാല്‍ ഒടിയനെ മറികടന്ന് എക്കാലത്തെയും മികച്ച കേരള ഓപണിംഗ് നേടി എന്ന കാര്യത്തില്‍ എല്ലാവരും സമാന അഭിപ്രായക്കാരാണ്. ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം 7 കോടിക്കു മുകളില്‍ നേടി എന്നാണ് കണക്കുകള്‍. മുന്‍പ് ഒടിയന്‍ മാത്രമാണ് 7 കോടിക്ക് മുകളില്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 7.3 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ഒടിയന്‍റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു. ഫൈനല്‍ നമ്പറുകളില്‍ വ്യത്യാസം വന്നേക്കാമെങ്കിലും ഒടിയനെ മറികടന്നു എന്ന കാര്യത്തില്‍ മിക്ക ട്രേഡ് അനലിസ്റ്റുകള്‍ക്കും ട്രാക്കിംഗ് ഹാന്‍ഡിലുകള്‍ക്കും സമാന അഭിപ്രായമാണ്. അതേസമയം കേരള ഓപണിംഗില്‍ മൂന്നാം സ്ഥാനത്ത് കഴിഞ്ഞ ദിവസം എത്തിയ വിജയ് ചിത്രം ബീസ്റ്റ് ആണെന്നാണ് നിലവിലെ വിവരം. പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാലയുടെ കണക്ക് പ്രകാരം ബീസ്റ്റിന്‍റെ ആദ്യദിന കേരള ഗ്രോസ് 6.6 കോടിയാണ്.
മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.