KGF 2 Box Office : തുടര്‍ച്ചയായ രണ്ടാം ദിനവും 100 കോടിക്ക് മുകളില്‍; കെജിഎഫ് 2 ഇതുവരെ നേടിയത്

കേരളത്തില്‍ എക്കാലത്തെയും വലിയ ഓപണിംഗ് ആണ് ചിത്രം നേടിയത്

kgf chapter 2 box office 2 day india gross yash prashanth neel

ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും പുതിയ അത്ഭുതം ആയിരിക്കുകയാണ് കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 (KGF Chapter 2). കന്നഡ സിനിമയെ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്‍റെ മുഖ്യധാരയിലേക്ക് നീക്കിനിര്‍ക്കിയ ചിത്രമായിരുന്നു 2018ല്‍ പുറത്തെത്തിയ കെജിഎഫ്. ആയതിനാല്‍ത്തന്നെ മൂന്നര വര്‍ഷത്തിനു ശേഷമെത്തുന്ന ചിത്രത്തിന്‍റെ സീക്വലിനായി ഭാഷാഭേദമന്യെ പ്രേക്ഷകരുടെ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു. തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ചിത്രം വന്നതോടെ ഈ വര്‍ഷം ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് ചിത്രം. ആദ്യദിനം ഇന്ത്യയില്‍ നിന്നു മാത്രം 134.5 കോടി നേടിയിരുന്ന ചിത്രം രണ്ടാം ദിനവും 100 കോടിക്കു മുകളില്‍ നേടി. 

105.5 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 ന്‍റെ രണ്ടാം ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍. അതായത് ആദ്യ രണ്ട് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം നേടിയിരിക്കുന്നത് 240 കോടിയാണ്! ഏതൊരു ഇന്ത്യന്‍ ഭാഷാ ചിത്രത്തെയും സംബന്ധിച്ച് സ്വപ്ന നേട്ടമാണ് ഇത്. കേരളമുള്‍പ്പെടെയുള്ള നിരവധി മാര്‍ക്കറ്റുകളില്‍ റെക്കോര്‍ഡ് ഓപണിംഗ് ആണ് കെജിഎഫ് 2 നേടിയിരിക്കുന്നത്. കേരളത്തില്‍ റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 7.48 കോടി ആണെന്നാണ് വിവരം. ഏതൊരു ഭാഷാ ചിത്രവും കേരളത്തില്‍ നിന്നു നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്. ശ്രീകുമാര്‍ മേനോന്‍റെ മോഹന്‍ലാല്‍ ചിത്രം ഒടിയനെ മറികടന്നാണ് കെജിഎഫ് 2 ന്‍റെ നേട്ടം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകളെല്ലാം കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ടെങ്കിലും തമിഴ് പതിപ്പിനാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഈ വാരം എത്തിയ വിജയ് ചിത്രം ബീസ്റ്റിന്‍റെ വിതരണവും ഇതേ കമ്പനിയാണ്.

പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

Latest Videos
Follow Us:
Download App:
  • android
  • ios