കേരള ബോക്സ് ഓഫീസില്‍ വീണ്ടും റെക്കോര്‍ഡ് ഇടാന്‍ കെജിഎഫ് 2; ബീസ്റ്റിനേക്കാള്‍ മൂന്നിരട്ടി കളക്ഷന്‍

റിലീസ് ദിനത്തിലെ കളക്ഷനില്‍ നിന്ന് തുടര്‍ന്നുള്ള ദിനങ്ങളില്‍ കൂപ്പുകുത്തുകയായിരുന്നു ബീസ്റ്റ്

kgf chapter 2 beast box office comparison kerala vijay yash prashanth neel

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് സ്ഥാനമുറപ്പിക്കാന്‍ കുതിക്കുകയാണ് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2). അഞ്ച് ഭാഷാ പതിപ്പുകളില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം നേടിയ ആഗോള ഗ്രോസ് 240 കോടി രൂപ ആയിരുന്നു. ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ കെജിഎഫ് 2 ന്‍റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്‍തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് കെജിഎഫ് 2 ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ കാര്യം പറയുകയാണെങ്കില്‍ ചിത്രം മറ്റൊരു റെക്കോര്‍ഡിന്‍റെ പടിവാതിലിലുമാണെന്നാണ് പുതിയ വിവരം. ഏത് ഭാഷാ ചിത്രവും കേരളത്തില്‍ ഒരു ദിവസം നേടുന്ന കളക്ഷന്‍ കെജിഎഫ് 2 ഇന്ന് സ്വന്തം പേരില്‍ ആക്കുമെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഓരോ ദിവസത്തെയും കണക്കുകളും മനോബാല അവതരിപ്പിച്ചിട്ടുണ്ട്. റിലീസ് മുതലുള്ള ഓരോ ദിവസവും 7 കോടിക്ക് താഴേക്ക് കേരളത്തില്‍ കെജിഎഫ് 2 ന്‍റെ കളക്ഷന്‍ പോയിട്ടില്ല. അതേസമയം കെജിഎഫ് 2 ന് തലേദിവസം തിയറ്ററുകളിലെത്തിയ വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റ് (Beast) ബോക്സ് ഓഫീസില്‍ തകര്‍ച്ച നേരിടുകയുമാണ്.

കെജിഎഫ് പോലെ തന്നെ മികച്ച പ്രീ റിലീസ് പബ്ലിസിറ്റി നേടിയെത്തിയ ബീസ്റ്റ് റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് മികച്ച കളക്ഷനാണ് നേടിയത്. 6.28 കോടിയായിരുന്നു ഇത്. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ മോശം മൌത്ത് പബ്ലിസിറ്റി എത്തിയതോടെ ഓരോ ദിവസവും കളക്ഷനില്‍ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. മനോബാല വിജയബാലന്‍റെ കണക്ക് പ്രകാരം ഈ രണ്ട് ചിത്രങ്ങളുടെയും ഓരോ ദിവസത്തെയും കേരള കളക്ഷന്‍ താഴെ പറയും പ്രകാരമാണ്.


ബീസ്റ്റ്

റിലീസ് ദിനം- 6.28 കോടി

വ്യാഴം- 91 ലക്ഷം

വെള്ളി- 70 ലക്ഷം 

ശനി- 40 ലക്ഷം 

ആകെ- 8.29 കോടി

കെജിഎഫ് 2

റിലീസ്ദിനം- 7.48 കോടി

വെള്ളി- 7 കോടി

ശനി- 7.50 കോടി 

ആകെ 22.28 കോടി

ചിത്രം കേരള ബോക്സ് ഓഫീസില്‍ ആര്‍ആര്‍ആറിന്‍റെ ലൈഫ് ടൈം ഗ്രോസ് ഇന്ന് മറികടക്കുമെന്നും ഈ ട്രേഡ് അനലിസ്റ്റ് പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios