ബോളിവുഡിനെയും അമ്പരപ്പിച്ച് ഈ ഹിന്ദി പതിപ്പുകള്‍; ഉത്തരേന്ത്യയില്‍ തരംഗം തീര്‍ത്ത് ആര്‍ആര്‍ആര്‍, കെജിഎഫ് 2
അല്ലു അര്‍ജുന്‍ നായകനായ പുഷ്‍പയുടെ ഹിന്ദി പതിപ്പും സൂപ്പര്‍ഹിറ്റ് ആയിരുന്നു
രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായം ഏതെന്ന ചോദ്യത്തിന് സമീപകാലം വരെ ഒരു സിനിമാപ്രേമിയും ആലോചിക്കാതെ പറയുമായിരുന്നു ബോളിവുഡ് എന്ന്. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. ബോളിവുഡിനെ വെല്ലുവിളിക്കുന്ന രീതിയില്‍ വലിയ സാമ്പത്തിക വിജയങ്ങളാണ് തെന്നിന്ത്യയില്‍ നിന്ന്, വിശേഷിച്ചും തെലുങ്ക് സിനിമയില്‍ നിന്ന് സംഭവിക്കുന്നത്. രാജമൌലിയുടെ ബാഹുബലി 1, 2 ഭാഗങ്ങളാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. സമീപകാലത്ത് എത്തിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ഹിന്ദി പതിപ്പും മികച്ച കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴിതാ അതിന് തുടര്‍ച്ചയെന്നോണം മറ്റു രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളും ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസില്‍ വിജയ പതാക പാറിക്കുകയാണ്. രാജമൌലിയുടെ തന്നെ പുതിയ ചിത്രം ആര്‍ആര്‍ആറിനു (RRR) പിന്നാലെ കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 ഉും (KGF Chapter 2) മികച്ച വിജയമാണ് ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ നേടുന്നത്.
ബാഹുബലി 2 നു ശേഷം എസ് എസ് രാജമൌലിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. കന്നഡ സിനിമയെ ഇന്ത്യന്‍ മുഖ്യധാരാ സിനിമയുടെ വഴികളിലേക്ക് അഭിമാനത്തോടെ നീക്കിനിര്‍ത്തിയ കെജിഎഫിന്‍റെ രണ്ടാം ഭാഗത്തിനും ഇതേ രീതിയിലുള്ള പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു. ഇതില്‍ വിവിധ ഭാഷകളിലായി എത്തിയ ആര്‍ആര്‍ആറിന്‍റെ റിലീസ് തീയതി മാര്‍ച്ച് 25 ആയിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ നേടിയത് 250.09 കോടിയാണ്! ഈ വെള്ളിയാഴ്ച ചിത്രം നേടിയത് 3 കോടിയും ശനിയാഴ്ച നേടിയത് 3.30 കോടിയുമാണ്.
ആര്‍ആര്‍ആറിനെയും മറികടന്നേക്കാവുന്ന നേട്ടമാണ് ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം മൂന്ന് ദിവസങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 143.64 കോടി രൂപയാണ്. റിലീസ് ചെയ്യപ്പെട്ട വ്യാഴാഴ്ച 53.95 കോടിയും വെള്ളിയാഴ്ച 46.79 കോടിയും ശനിയാഴ്ച 42.90 കോടിയുമാണ് നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്. ആദ്യ ഞായറാഴ്ചയും ഈസ്റ്റര്‍ ദിനവുമായ ഇന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും റിലീസ് ദിനത്തിലേതിന് സമാനമായ കളക്ഷനാണ് ചിത്രത്തിന് ഇന്ന് ലഭിക്കാന്‍ സാധ്യതയെന്നും തരണ്‍ നിരീക്ഷിക്കുന്നു.
കന്നഡയ്ക്കും ഹിന്ദിക്കുമൊപ്പം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുമാണ് കെജിഎഫ് ചാപ്റ്റര്‍ 2 ലോകമെമ്പാടുമുള്ള സ്ക്രീനുകളില്‍ എത്തിയിരിക്കുന്നത്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നേടിയത് 240 കോടി രൂപ ആയിരുന്നു. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് ആണിത്.